ന്യൂഡല്‍ഹി: ചികിത്സയ്ക്കായി വ്യക്തികള്‍ ഏറ്റവുംകൂടുതല്‍ പണം ചെലവാക്കുന്നത് കേരളത്തില്‍. ഒരുവര്‍ഷത്തെ വ്യക്തിയുടെ പ്രതിശീര്‍ഷ ചെലവ് സംസ്ഥാനത്ത് 6363 രൂപയാണ്.

അതേസമയം, കേരളത്തില്‍ ചികിത്സാരംഗത്ത് സര്‍ക്കാരിനുണ്ടാകുന്ന പ്രതിശീര്‍ഷ ചെലവ് 2272 രൂപയാണ്. ഹിമാചല്‍ പ്രദേശിനുപിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇക്കാര്യത്തില്‍ കേരളം. ഹിമാചലില്‍ സര്‍ക്കാരിന്റെ പ്രതിശീര്‍ഷ ചെലവ് 3177 രൂപയാണ്. ജനങ്ങള്‍ ചെലവഴിക്കേണ്ടിവരുന്നത് 3220 രൂപയും. ലോക് താന്ത്രിക് ജനതാദള്‍ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് രാജ്യസഭയില്‍ ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2017-'18 കാലത്തെ കണക്കുദ്ധരിച്ചാണ് മന്ത്രി മറുപടി നല്‍കിയത്.

ജനങ്ങള്‍ 3000 രൂപയിലധികം ചെലവഴിക്കേണ്ടിവരുന്ന മറ്റു സംസ്ഥാനങ്ങള്‍ ഇവയാണ് (ബ്രാക്കറ്റില്‍ സര്‍ക്കാര്‍ച്ചെലവ്). പശ്ചിമ ബംഗാള്‍ -3115 (1088), ആന്ധ്രാപ്രദേശ് -3102 (1381). ആയിരത്തില്‍താഴെ രൂപമാത്രം ജനങ്ങളുടെ ആരോഗ്യകാര്യത്തിനായി ചെലവഴിക്കുന്ന മൂന്നുസംസ്ഥാനങ്ങള്‍ (ബ്രാക്കറ്റില്‍ ജനങ്ങള്‍ ചെലവഴിക്കുന്നത്): ബിഹാര്‍ -556 (808), ജാര്‍ഖണ്ഡ് -801 (1852), ഉത്തര്‍പ്രദേശ് -801 (2393), മധ്യപ്രദേശ് -980 (1364) എന്നിവയാണ്.

അതേസമയം, ദേശീയ തലത്തില്‍ പ്രതിശീര്‍ഷ ചെലവ് 4297 രൂപയാണ്. സര്‍ക്കാര്‍ 1753 രൂപയും വ്യക്തികളുടെ കൈയില്‍നിന്ന് 2097 രൂപയുമാണ് ചെലവാകുന്നതെന്ന് മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം 10.74 കോടി പാവപ്പെട്ട കുടുംബങ്ങളിലെ 50 കോടി ജനങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Individual spends the most on treatment in Kerala