Representative Image
തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തില്‍ നല്ല ഉറക്കം അന്യമായിക്കൊണ്ടിരിക്കയാണ്. ജോലിയിലെ ഡെഡ്‌ലൈനുകളും കര്‍ശന ഷെഡ്യൂളുകളും മാറിമാറിവരുന്ന ഷിഫ്റ്റുകളുമെല്ലാം നമ്മുടെ ഉറക്കത്തിന്റെ ഘടന മാറ്റിമറിക്കുന്നു. ഭാഗ്യംചെയ്തവര്‍ക്കുമാത്രം വിധിക്കപ്പെട്ട ഒന്നായി നല്ല ഉറക്കം മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ വിഷയത്തിന് പരിഹാരമായി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 12 ആഴ്ച നീണ്ടുനില്‍ക്കുന്ന തന്റെ ഫിറ്റ്‌നസ് പ്രോജക്ടിന്റെ ഭാഗമായാണ് റുജുത വീഡിയോ പങ്കുവെച്ചത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് റുജുത ഈ വീഡിയോയില്‍ പറയുന്നത്- രാത്രിയില്‍ ഉറങ്ങുന്ന സമയം ചിട്ടപ്പെടുത്തുക, ആര്യവേപ്പോ ജാതിക്കയോ ഇട്ട വെള്ളം ചൂടാക്കി കുളിയ്ക്കുക, പാദത്തിനടിയില്‍ നെയ്യ് പുരട്ടുക എന്നിവയാണവ.
സ്ഥിരമായ ഒരു ഉറക്കസമയം നിശ്ചയിക്കുന്നത് ദഹനം പോലെയുള്ള ആന്തരികപ്രവര്‍ത്തനങ്ങളുമായി നമ്മുടെ ശരീരത്തിന്റെ താളത്തെ സമന്വയിപ്പിക്കാന്‍ സഹായിക്കും. അകാലവാര്‍ദ്ധക്യം പോലെയുള്ള അസുഖങ്ങളേയും ഇത് തടയും. കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്യുന്ന 'ദിനചര്യ' എന്ന സങ്കല്‍പ്പത്തിന് ആയുര്‍വേദത്തില്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇത് ശരീരത്തിന്റെ സ്വാഭാവിക താളം കാത്തുസൂക്ഷിക്കുമെന്നും അസുഖങ്ങളില്‍നിന്ന് സംരക്ഷിക്കുമെന്നും വീഡിയോയ്ക്ക് അടിക്കുറിപ്പായി അവര്‍ ചേര്‍ത്തു.
ആര്യവേപ്പിന്റെ ഇലയോ ജാതിയ്ക്കയോ ഇട്ട വെള്ളം ചൂടാക്കി കുളിയ്ക്കുന്നത് ഉറക്കം ക്രമീകരിക്കുകയും ശരീരത്തിനും മനസ്സിനും കുളിര്‍മ നല്‍കുകയും ചെയ്യുമെന്നാണ് റുജുത പറയുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വായുവിന്റെ പ്രശ്‌നത്താല്‍ വയറുവീര്‍ക്കുന്നതായി അനുഭവപ്പെടുന്നവര്‍ക്ക് പാദത്തിനടിയില്‍ കുറച്ച് നെയ്യ് പുരട്ടുന്നത് ആശ്വാസമേകുമെന്നാണ് റുജുത പറയുന്നത്. ഇത് ഉറക്കത്തിന്റെ നിലവാരം കൂട്ടുകയും ഉന്മേഷത്തോടെ ഉണരാന്‍ സഹായിക്കുകയും ചെയ്യുമെന്നും അവർ പറയുന്നു.
ഇവ മൂന്നും കൂടാതെ, മറ്റുചില ശീലങ്ങളെപ്പറ്റിയും റുജുത വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. അത്താഴത്തിനും ഉറക്കത്തിനുമിടയില്‍ രണ്ടുമൂന്നു മണിക്കൂറെങ്കിലും ഇടവേളയുണ്ടാവണം. അതുപോലെ, ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം. രാത്രിയില്‍ ഗോള്‍ഡന്‍ മില്‍ക്ക് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണെന്നാണ് ഈ ന്യൂട്രീഷനിസ്റ്റ് പറയുന്നത്. നല്ല തണുപ്പും വായുസഞ്ചാരവുമുള്ള മുറി വേണം ഉറങ്ങാനായി തിരഞ്ഞെടുക്കാനെന്നും റുജുത നിര്‍ദേശിക്കുന്നു.
Content Highlights: indian nutritionist suggests three habits to be followed for good sleep
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..