രാജ്യത്തെ ശ്വാസംമുട്ടിക്കുകയാണ് കോവിഡ് കണക്കുകൾ. ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം നാലുലക്ഷത്തോളമായി. ആരോ​ഗ്യപ്രവർത്തകരെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ച് രോ​ഗികളെ പരിചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് കോവിഡ് രോ​ഗികളെ ചികിത്സിക്കുന്ന ഡോക്ടർ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം യാഥാർഥ്യത്തിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. 

രണ്ട് ചിത്രങ്ങളാണ് ഡോ. സോഹ് ലി ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വിയർപ്പിൽ നനഞ്ഞ പി.പി.ഇ. കിറ്റ് ധരിച്ച് നിൽക്കുന്ന പടവും അത് അഴിച്ച് മാറ്റിയ ശേഷം വിയർത്തൊഴുകി നിൽകുന്ന പടവുമാണ് Proud to serve the nation എന്ന കാപ്ഷനോടെ ഡോക്ടർ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഫോട്ടോയ്ക്ക് പിന്നാലെ ഒരു സന്ദേശവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരോ​ഗ്യപ്രവർത്തകരെല്ലാം തന്നെ മഹാമാരിയെ ചെറുക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും കുടുംബത്തിൽ നിന്ന് ഏറെനാളായി അകന്നുനിൽക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു. 

കോവിഡ് ബാധിച്ച രോ​ഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ ജീവനും അപകടത്തിലാണ്. അതിനാൽ എല്ലാവരും വാക്സിൻ എടുക്കണമെന്നും അതുമാത്രമാണ് ഏക പ്രതിവിധിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഡോക്ടറുടെ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 130.3 K ലെെക്കുകളും 16.5 K റീട്വീറ്റുകളുമാണ് ലഭിച്ചത്. നിരവധി പേർ ഡോക്ടർക്കും നന്ദി അറിയിക്കുകയും ചെയ്തു. 

Content Highlights: Indian doctors sweat drenched photo shows what frontline workers are enduring in pandemic, Covid19