ഹൃദ്രോഗവിദഗ്ധരുടെ വാർഷികസമ്മേളനം കോട്ടയത്ത് നടന്നപ്പോൾ | Photo: Special Arrangements
കോട്ടയം: ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രാഫി (ഐ.എ.ഇ) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ മാർച്ച് 25, 26 തീയതികളിൽ നടന്നു. അള്‍ട്രാസൗണ്ട് ഇമേജിങ്ങ് വഴി ഹൃദയത്തിന്റെ അസ്വാഭാവികതകള്‍ വിലയിരുത്തി ചികിത്സകള്‍ ക്രമപ്പെടുത്തുകയും, ഈ മേഖലയിലെ ഗവേഷണങ്ങള്‍, പരിശീലനങ്ങള്‍ എന്നിവക്ക് നേതൃത്വം നല്‍കുകയും, ചികിത്സാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുന്ന ശാസ്ത്രസംഘടനയാണ് ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രാഫി. ഐ.എ.ഇ കേരള പ്രസിഡന്റ് ഡോ. പ്രഭാ നിനി ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.
രോഗനിർണയത്തിലും , ചികിത്സയിലും ഇമേജിംഗ് സാങ്കേതികവിദ്യകളുടെ പങ്ക് അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഓട്ടോമേഷനും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചേർന്ന് ദൃശ്യവൽക്കരണം, ഇമേജിംഗിലെ കൃത്യത, ഇമേജ് വിശകലനം, ചികിത്സകൾ എന്നിവയെ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ ശാസ്ത്ര മുന്നേറ്റങ്ങള്‍ ഡോക്ടര്‍മാരുടെ രോഗനിര്‍ണ്ണയത്തിനുള്ള കഴിവും, പ്രവര്‍ത്തന വൈദഗ്ധ്യവും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രഭാ നിനി ഗുപ്ത പറഞ്ഞു. ഡോ. പ്രഭാ നിനി ഗുപ്ത, ഡോ. വിജയലക്ഷ്മി ഐ ബി, ഓർഗനൈസിങ് ചെയർമാൻ ഡോ.വി.എൽ.ജയപ്രകാശ്, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ.സുരേഷ് കെ, ഓർഗനൈസിങ് സെക്രട്ടറി ഡോ.ജോബി കെ.തോമസ്, ഐഎഇ കേരള ചാപ്റ്റർ സെക്രട്ടറി ഡോ.ജെയിംസ് തോമസ്, ഡോ.പ്രവീൺ എസ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
ഹൃദയത്തിന്റെ ചിത്രീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ അൾട്രാസൗണ്ട് ഉപകരണമായി എക്കോകാർഡിയോഗ്രാഫി വികസിച്ചു. ഹൃദയത്തിന്റെയും, വാല്‍വുകളുടേയും അസ്വാഭാവികതകളും അവയുടെ കാരണങ്ങളും നിര്‍ണ്ണയിക്കാന്‍ ഇമേജിങ്ങ് സാങ്കേതിക വിദ്യ വഴി സാധിക്കും. അള്‍ട്രാസോണിക്ക് ശബ്ദതരംഗങ്ങള്‍ നെഞ്ചുവഴി കടത്തിവിട്ട് അവയുടെ പ്രതിധ്വനി കമ്പ്യൂട്ടര്‍ വഴി സ്വീകരിച്ചാണ് ദ്വിമാന, ത്രിമാന ചിത്രീകരണങ്ങള്‍ സാധ്യമാവുന്നതെന്ന് സയന്റിഫിക്ക്
കമ്മിറ്റി ചെയർമാൻ ഡോ. കെ. സുരേഷ് പറഞ്ഞു.
ഹൃദയത്തിന്റെയും അറകളുടെയും വലിപ്പം, രൂപസവിശേഷതകള്‍, പമ്പിങ്ങിലെ കാര്യക്ഷമത, ഹൃദയത്തിന്റെ മറ്റ് കര്‍ത്തവ്യങ്ങള്‍ സംബന്ധിച്ച കണക്കുകള്‍, ഹൃദയ പേശികളുടെ കുഴപ്പങ്ങള്‍, കോശജാലങ്ങള്‍ക്ക് സംഭവിച്ച ക്ഷതത്തിന്റെ തോത് എന്നിവയെല്ലാം സംബന്ധിച്ചു വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇമേജിംഗ് വഴി സാധ്യമാണെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജോബി കെ തോമസ് പറഞ്ഞു.
അന്നനാളത്തിൽ ഒരു ട്രാൻസ്‌ഡ്യൂസർ ഇറക്കി ഹൃദയത്തിന്റെയും അതിന്റെ ഘടനയുടെയും വളരെ വ്യക്തമായ ചിത്രങ്ങൾ നൽകുന്ന അൾട്രാസൗണ്ട് സാങ്കേതിക വിദ്യയായ ട്രാൻസ് ഈസോഫാഗൽ എക്കോകാർഡിയോഗ്രാം (ടി.ഇ.ഇ) സംബന്ധിച്ച് പ്രത്യേക ശിൽപശാല നടന്നു. മിട്രൽ വാൽവ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മിട്ര ക്ലിപ്പിന്റെ പരിശീലനവും നടന്നു. ഹൃദയത്തിന്റെ ഇമേജിങ്ങ് സംബന്ധിച്ച് പ്രധാന സിംപോസിയങ്ങളും ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
വിവിധ ജില്ലകളില്‍ നിന്നായി കാര്‍ഡിയോളജിസ്റ്റുകളും, സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ മുന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: indian academy of endocardiography kerala chapter's annual conference held at kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..