പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യയില്‍ കോവിഡ് ബാധ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായതെന്ന് പഠനങ്ങള്‍. 

പരിശോധിച്ചവരില്‍ 63 ശതമാനവും ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിതരായിട്ടും തമിഴ്‌നാട്ടിലെ മധുരയിലുള്ളവരുടെ മരണസാധ്യത ചൈന, യൂറോപ്പ്, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണം ഇന്ത്യയിലെ മാറാവ്യാധികളുടെ സാന്നിധ്യമാണെന്ന് പഠനത്തില്‍ പറയുന്നു. 

ഇന്ത്യയിലെ മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ ജീവിതശൈലി രോഗങ്ങള്‍ ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചുവരുകയാണെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ രാജ്യത്ത് ഉണ്ടാകുന്ന മരണങ്ങളില്‍ മൂന്നില്‍ രണ്ടിനും കാരണമാകുന്ന പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും വര്‍ധിച്ചു. ഇത്തരം രോഗാതുരമായ സാഹചര്യം കോവിഡിന് പിടിമുറുക്കാനും നാശംവിതയ്ക്കാനും സാഹചര്യമൊരുക്കിയെന്നും ഗവേഷകര്‍ പറയുന്നു. 

ഈ ഗുരുതര രോഗങ്ങളില്‍ ഏതെങ്കിലും ഒന്നുള്ള കോവിഡ് രോഗികളിലെ മരണനിരക്ക് 5.7 ശതമാനമാണ്. വേറെ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ആരോഗ്യമുള്ളവരില്‍ ഇത് 0.7 ശതമാനവുമാണെന്നും ഗവേഷകര്‍ കണ്ടെത്തി. 

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ഘടകങ്ങള്‍ ആരൊക്കെ കോവിഡ് പോസിറ്റീവ് ആകാമെന്നതിനെക്കുറിച്ച് പോലും പ്രവചനം നടത്താന്‍ സഹായിക്കുമെന്ന് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയ സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, ഇക്കണോമിക്‌സ് ആന്‍ഡ് പോളിസി സ്ഥാപകന്‍ രമണന്‍ ലക്ഷ്മിനാരായണന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളതിന്റെ പകുതി പ്രമേഹ, ഉയര്‍ന്ന രക്തസമ്മര്‍ദ രോഗികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ കോവിഡ് രണ്ടാം തരംഗം വളരെ ചെറിയ തോതിലേ ഉണ്ടാകുമായിരുന്നുള്ളൂ എന്നും ഇത്രമാത്രം കഠിനമാവുകയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രോഗബാധയുടെയും മരണങ്ങളുടെയും അനുപാതം പരിശോധിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആകുന്ന കേസുകളിലും മരണങ്ങളിലും വലിയതോതില്‍ അണ്ടര്‍റിപ്പോര്‍ട്ടിങ് രാജ്യത്ത് നടന്നിട്ടുണ്ടാകാമെന്നും ഗവേഷകര്‍ നിഗമനത്തിലെത്തിയിട്ടുണ്ട്. 

രാജ്യത്ത് 50 ലക്ഷത്തോളം ആളുകളെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ ഇത് 4,30,000 ആണ്. 

തമിഴ്‌നാട് സര്‍ക്കാര്‍, കാലിഫോര്‍ണിയ സര്‍വകലാശാല, ബെര്‍ക്കേലി, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല, ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്.

Content Highlights: India's chronic disease burden helped fuel covid's second waves, Health, Covid19