ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി വെട്ടികുറക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പദ്ധതി. ചൈനയുമായുള്ള ബന്ധം ഓരോ ദിവസം കഴിയുന്തോറും വഷളാവുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ ഇങ്ങനെയൊരു നീക്കത്തിലേക്ക് നയിക്കുന്നത്. ഗുണമേന്മയുള്ള മരുന്നുകള്‍ മാത്രം ഇറക്കുമതി ചെയ്യുക എന്നതിന് പുറമെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ പരിശോധന കൂടുതല്‍ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.

രാജ്യം ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെയും മറ്റ് അനുബന്ധ സാധനങ്ങളുടെയും 70-80 ശതമാനവും ചൈനയില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ  നിയന്ത്രണം വലിയ തോതിലുള്ള മരുന്ന് പ്രതിസന്ധി രാജ്യത്ത് സൃഷ്ടിക്കുമെങ്കിലും ഇത് എങ്ങനെ പരിഹരിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവല്‍ 2014-ല്‍ തന്നെ മരുന്നിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി രാജ്യം ചൈനയെ ആശ്രയിക്കുന്നത് സമയമായെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 

തുടര്‍ന്ന് ഇത് സംബന്ധിച്ച്  കൂടുതല്‍ ചര്‍ച്ച നടത്താനായി സര്‍ക്കാര്‍  വിദഗ്ധ സംഘത്തെയും നിയോഗിച്ചിരുന്നു. ഉയര്‍ന്ന ലൈസന്‍സ് തുക, ഉയര്‍ന്ന രജിസ്‌ട്രേഷന്‍ തുക, ഉയര്‍ന്ന ഇറക്കുമതി തുക, ശക്തമായ സുരക്ഷാ പരിശോധന എന്നിവയിലൂടെ നിയന്ത്രണം കൊണ്ടുവരാമെന്നാണ് വിദഗ്ധ സംഘം സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുള്ളത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പൂര്‍ണമായും അവസാനിപ്പിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് നിയന്ത്രണം കൊണ്ടുവരികയും അതുവഴി കൂടുതല്‍ ഗുണമേന്മയുള്ള മരുന്നുകള്‍ രോഗികള്‍ക്ക് ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യാ ജി.എന്‍ സിങ് ചൂണ്ടിക്കാട്ടി. 

അടുത്തമാസം മുതല്‍ക്ക് തന്നെ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങും. ഡ്രഗ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തില്‍ ഭേദഗതി വരുത്താനും ആലോചനയുണ്ടെന്ന് ജി.എന്‍ സിങ് പറഞ്ഞു. അതുപോലെ തന്നെ ലൈസന്‍സിങ് ഫീസും ഉടന്‍ വര്‍ധിപ്പിക്കും. അതുവഴി ഇന്ത്യന്‍ മരുന്ന് വിപണിയെ കൂടുതല്‍ വികസിപ്പിച്ച് കൊണ്ടുവരാമെന്നാണ് ഉദ്ദേശിക്കുന്നതെന്നും ജി.എന്‍ സിങ് പറഞ്ഞു.