കൊച്ചി- അര്‍ഹരായ രോഗികള്‍ക്ക് അവയവങ്ങള്‍ ലഭിക്കാനായി ഇന്ത്യ കാലോചിതമായ പദ്ധതികള്‍ കൊണ്ടുവരണെന്ന് നൊബേല്‍ സമ്മാന ജേതാവായ അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. ആല്‍വിന്‍ റോത്ത്. കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്റെ( ഐ.എസ്.ഒ.ടി ) 32ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മെഡിക്കല്‍ എക്കണോമിക്‌സില്‍ വിദ്ഗ്ദ്ധനായ ഡോ. ആല്‍വിന്‍ 2012ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌ക്കാര ജേതാവാണ്. അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ ദേശീയ സംഘടനയാണ് ഐ.എസ്.ഒ.ടി. 

അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ മരിച്ചവരില്‍ നിന്നുള്ള അവയവ മാറ്റമാണ് കൂടുതലായി നടക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ 80 ശതമാനത്തോളം ദാതാക്കളും ജീവിച്ചിരിക്കുന്നവരാണ്. അമേരിക്കയില്‍ ഇത് 36 ശതമാനം മാത്രമാണ്. അവയവ മാറ്റത്തിന് സുഘടിതമായ ശൃംഘല സൃഷ്ടിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. 70 ലക്ഷത്തോളം ആളുകളാണ് പ്രതിവര്‍ഷം ഡയാലിസിസിനോ അവയവ മാറ്റത്തിനോ പണ മില്ലാതെ ഇന്ത്യയില്‍ മരിക്കുന്നത്. ദീര്‍ഘകാലം ഡയാലിസിസ് നടത്തുന്നതിനേക്കാള്‍ ചെലവ് കുറവാണ് അവയവ മാറ്റം. ഇക്കാര്യമുള്‍പ്പെടെ  അവയവ മാറ്റവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഇന്ത്യയില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അവയവ മാറ്റം ഇന്ന് വൈദ്യശാസ്ത്രപരമായി ലളിതമാണ്. പക്ഷേ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ അവയവങ്ങളുടെ ലഭ്യതയും വിതരണവും ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്നും ഡോ.ആല്‍വിന്‍ റോത്ത് പറഞ്ഞു. 

ഐ.എസ്.ഒ.ടി ദേശീയ സമ്മേളനത്തില്‍ നിന്നും
ഐ.എസ്.ഒ.ടി. ദേശീയ സമ്മേളനത്തില്‍ നിന്നും

ഐ.എസ്.ഒ.ടി ദേശീയ സമ്മേളനത്തിന്റെ ചെയര്‍മാന്‍ ഡോ.എബി എബ്രഹാം, ഐ.എസ്.ഒ.ടി. പ്രസിഡന്റ് ഡോ.സുനില്‍ ഷറോഫ്, ഡോ.രാജേഷ് നായര്‍, ഡോ.മാമന്‍ എം.ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. അവയവ മാറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ സെമിനാറുകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. നാല് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.

Content Highlights: India must come up with new plans to promote organ donation says Nobel laureate Alvin Roth, Health, Organ Donation