ന്യൂഡൽഹി: ഇംഗ്ലണ്ടിലെ ഓക്സ്‌ഫഡ് സർവകലാശാലയും ബ്രിട്ടീഷ് സ്വീഡിഷ് മരുന്നുകമ്പനിയായ അസ്ട്രസെനക്കയും ചേർന്നു വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് (കോവിഷീൽഡ്) അനുമതിനൽകുന്ന നാലാമത്തെ രാജ്യമായി ഞായറാഴ്ച ഇന്ത്യ മാറി. ധനസ്ഥിതിയും സാങ്കേതികസൗകര്യങ്ങളും കൈയിലുള്ള രാജ്യങ്ങൾ പൗരർക്ക് വാക്സിൻ നൽകുന്നതിനു മത്സരിക്കുമ്പോൾ ആരൊക്കെയാണ് മുമ്പിലെന്നു നോക്കാം.

അമേരിക്കൻ മരുന്നുകമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബിയോൺടെക്കും ചേർന്നു വികസിപ്പിച്ച വാക്സിനാണ് ലോകത്ത് ആദ്യമായി അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്.

ഡിസംബർ 3: ബ്രിട്ടൻ ഇതിന് ആദ്യ അനുമതി നൽകി.

കാനഡ ഡിസംബർ ഒമ്പതിനും അമേരിക്ക ഡിസംബർ 11നും അടിയന്തര ഉപയോഗ അനുമതി നൽകി.

പിന്നാലെ സൗദി അറേബ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും അനുമതി.

അടിയന്തര ആവശ്യത്തിന് ഫൈസർ വാക്സിൻ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യാഴാഴ്ച പറഞ്ഞു.

അമേരിക്കൻ മരുന്നുകമ്പനിയായ മൊഡേണയുടെ വാക്സിനാണ് അടിയന്തര ഉപയോഗ അനുമതി ലഭിച്ച രണ്ടാമത്തേത്.

ഡിസംബർ 19ന് അമേരിക്കയും 23ന് കാനഡയും മൊഡേണ വാക്സിന് അനുമതി നൽകി. ബുധനാഴ്ച യൂറോപ്യൻ യൂണിയനും അനുമതി കൊടുക്കും.

യു.എസ്. മരുന്നുകമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിക്കുന്ന വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരം ഈ മാസം പുറത്തുവന്നേക്കും.

മറ്റൊരു യു.എസ്. മരുന്നുകമ്പനിയായ നോവവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണഫലം മൂന്നുമാസത്തിനുള്ളിൽ എത്തിയേക്കും.

പ്രായമായവരിൽ കൊറോണ വൈറസിനെതിരേ പ്രതിരോധമുണ്ടാക്കാൻ കഴിയുന്നില്ലെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ മനസ്സിലായതിനാൽ ഫ്രാൻസിലെ സനോഫിയും ബ്രിട്ടനിലെ ഗ്ലാക്സോ സ്മിത്ക്ലൈനും വാക്സിൻ വികസിപ്പിക്കലിൽനിന്ന് ഡിസംബർ 11ന് പിന്മാറിയിരുന്നു. ഫെബ്രുവരിയിൽ ഇവ വീണ്ടും ശ്രമം തുടങ്ങും.

മൂന്നു ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും ഫലം പുറത്തുവിട്ടശേഷം രാജ്യങ്ങൾ അനുമതിനൽകിയ ആദ്യ വാക്സിൻ ഫൈസറിന്റെതാണെങ്കിലും റഷ്യയും ചൈനയും അവരുടെ പൗരർക്ക് സ്വന്തമായി വികസിപ്പിച്ച വാക്സിൻ നൽകുന്നുണ്ട്. വിവിധ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇവിടെ നടക്കുന്നുമുണ്ട്.

വാക്സിൻ അനുമതി സ്വാഗതംചെയ്ത് ലോകാരോഗ്യസംഘടന

രണ്ട് കോവിഡ് പ്രതിരോധ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതിനൽകാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). മേഖലയിൽ ആദ്യമായി വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതംചെയ്യുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തെ കൂടുതൽ ശക്തമാക്കാൻ ഈ നടപടി സഹായിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. തെക്കുകിഴക്കൻ ഏഷ്യാമേഖല ഡയറക്ടർ പൂനം ഖേത്രപാൽ സിങ് പറഞ്ഞു.

കോവിഡിന്റെ ആഘാതം കുറയ്ക്കുന്നതിന് വാക്സിനേഷനൊപ്പം മറ്റ് ആരോഗ്യപ്രവർത്തനങ്ങളും പൊതുജനപങ്കാളിത്തവും തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.

110 ശതമാനം സുരക്ഷിതം- ഡ്രഗ് കൺട്രോളർ ജനറൽ

കോവിഡ് വാക്സിനുകൾ പുരുഷന്മാരിൽ ലൈംഗികശേഷിക്കുറവിന് ഇടയാക്കുമെന്ന അഭ്യൂഹങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് ഡ്രഗ് കൺട്രോളർ ജനറൽ വി.എസ്. സോമാനി പറഞ്ഞു. വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

'സുരക്ഷയുടെ കാര്യത്തിൽ ചെറിയ ആശങ്കയുണ്ടെങ്കിൽപ്പോലും ഞങ്ങൾ അനുമതി നൽകില്ല. വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണ്. ചെറിയ പനി, വേദന, അലർജി തുടങ്ങിയ ചില പാർശ്വഫലങ്ങൾ എല്ലാ വാക്സിനുമുണ്ട്'- അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിനിൽ ഉപദ്രവകരമായ എന്തെങ്കിലും കണ്ടേക്കുമെന്ന് യു.പി. മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞ പശ്ചാത്തലത്തിലാണ് സോമാനിയുടെ പ്രതികരണം

വാക്സിൻ നാഴികക്കല്ല്- ഭാരത് ബയോടെക്

ഹൈദരാബാദ്: വാക്സിനുകൾക്ക് അടിയന്തര ഉപയോഗഅനുമതി നൽകിയത് രാജ്യത്തിന് അഭിമാനകരമായ നിമിഷവും ശാസ്ത്രരംഗത്തെ മുന്നേറ്റത്തിൽ നാഴികക്കല്ലുമാണെന്ന് ഔഷധനിർമാണക്കമ്പനിയായ ഭാരത് ബയോടെക്. കമ്പനി നിർമിച്ച കോവാക്സിൻ ഉൾപ്പെടെ രണ്ടുവാക്സിനുകൾക്കാണ് ഞായറാഴ്ച അനുമതി ലഭിച്ചത്.

'ആഗോളതലത്തിലെ അവശ്യവിഭാഗങ്ങളിൽ വാക്സിൻ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഫലപ്രാപ്തി ഉറപ്പാക്കുന്ന പരീക്ഷണഫലങ്ങളാണ് കോവാക്സിൻ നൽകുന്ന'തെന്നും കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ ഇല്ല പറഞ്ഞു.

ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്.

നവംബർ മധ്യത്തോടെ ആരംഭിച്ച മൂന്നാംഘട്ട പരീക്ഷണത്തിൽ രാജ്യത്തെ 26,000 സന്നദ്ധപ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നും രണ്ടും പരീക്ഷണങ്ങളിൽ ആയിരത്തോളംപേർ പങ്കാളികളായിട്ടുണ്ടെന്നും വാക്സിൻ ഫലപ്രദമാണെന്ന ഫലങ്ങൾ അന്താരാഷ്ട്ര ശാസ്ത്രജേണലുകൾ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവാക്സിൻ കരുതൽ, കോവിഷീൽഡ് ഉപയോഗിക്കാം- എയിംസ് മേധാവി

ന്യൂഡൽഹി: മനുഷ്യരിലെ പരീക്ഷണം പൂർത്തിയാവാത്ത കോവാക്സിനെ അടിയന്തരസാഹചര്യത്തിൽ ഉപയോഗിക്കാൻ കരുതലാക്കി വെച്ചുകൊണ്ട് കോവിഷീൽഡ് ഉപയോഗിച്ചുതുടങ്ങാനാണ് സാധ്യതയെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. രണ്ടു വാക്സിനും ഇന്ത്യയിൽ നൽകാൻ ഞായറാഴ്ച ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചിരുന്നു. എന്നാൽ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ലെന്നതുസംബന്ധിച്ച് വിവാദമുയർന്നിരുന്നു.

വരുംദിവസങ്ങളിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് ആയിരിക്കും മുഖ്യമായും ഉപയോഗിച്ചുതുടങ്ങുകയെന്ന് കരുതുന്നതായി ഗുലേറിയ പറഞ്ഞു. കോവാക്സിനെ കരുതലായിവെക്കാം. അണുബാധ പെട്ടെന്ന് വീണ്ടും കൂടിയാൽ ആ ഘട്ടത്തിൽ ഉപയോഗിക്കാൻ ഇത് മാറ്റിവെക്കുന്നതാകും നല്ലതെന്നും ഗുലേറിയ പറഞ്ഞു.

Content Highlights:India is the fourth country to issue an approval to the Covaxin Covid Vaccine, Health, Covid Vaccine, Covid19,Corona Virus