മെഡിക്കല്‍ കോളേജ്: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അര്‍ബുദ ചികിത്സയ്‌ക്കെത്തുന്ന പുരുഷന്‍മാരില്‍ ഉദരസംബന്ധമായ അസുഖം കൂടുതല്‍. സ്ത്രീകളിലാകട്ടെ സ്തനാര്‍ബുദമാണ് ഏറെ. മെഡിക്കല്‍ കോളേജ് കാന്‍സര്‍ വിഭാഗം പുറത്തിറക്കിയ രജിസ്ട്രിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

തൃശ്ശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികളാണ് രജിസ്ട്രിയില്‍ ഉള്‍പ്പെടുന്നത്. പുരുഷന്‍മാരായ രോഗികളില്‍ 53 ശതമാനം പേര്‍ക്കും പുകവലി മൂലമുണ്ടാകുന്ന രോഗമാണ്. ഇതില്‍ തന്നെ 24.40 ശതമാനം പേര്‍ക്ക് ശ്വാസകോശത്തിലും 15.2 ശതമാനം പേര്‍ക്ക് വായ, തൊണ്ട എന്നിവിടങ്ങളിലുമാണ്. ഇവര്‍ ചികിത്സയ്‌ക്കെത്താന്‍ വൈകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവരില്‍ 80 ശതമാനം പേര്‍ക്കും മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലെത്തുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതുമൂലം തുടര്‍ചികിത്സ സങ്കീര്‍ണമാകുന്നതിനും ധാരാളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

മാത്രമല്ല സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഒമ്പത് ശതമാനം ആമാശയ അര്‍ബുദരോഗികള്‍ ഇവിടെ അധികം കണ്ടുവരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

സ്തനാര്‍ബുദമാണ് സ്ത്രീകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. സ്ത്രീരോഗികളില്‍ 34.4 ശതമാനം പേരും സ്തനാര്‍ബുദം ബാധിച്ചവരാണ്. മാത്രമല്ല ഇവരില്‍ 60 ശതമാനം പേരും രോഗം നേരത്തേ അറിയാതെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് ചികിത്സയ്‌ക്കെത്തുന്നത്.

സ്തനാര്‍ബുദം തടയുന്നതിനായി പ്രാദേശികതലത്തില്‍ മാമോഗ്രാം പരിശോധന വിപുലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. മെഡിക്കല്‍ കോളേജ് കാന്‍സര്‍ വിഭാഗം മേധാവി ഡോ.സുരേഷ് കുമാറാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

Content Highlights: Increased risk of gastric cancer in men-study