ഗുരുതരമായ രോഗങ്ങളിലേക്കുള്ള വാതില്‍തുറന്ന് പാതയോരത്തെ പച്ചകുത്തല്‍.ഒട്ടും സുരക്ഷയില്ലാതെയും ആരോഗ്യകരമായ ചിട്ടകളൊന്നും പാലിക്കാതെയുമുള്ള പച്ചകുത്തല്‍ നഗരങ്ങളില്‍ പൊടിപൊടിക്കുകയാണ്.ഉത്തരേന്ത്യക്കാരായ സ്ത്രീപുരുഷന്‍മാരാണ് പച്ചകുത്തലുമായി രംഗത്തുള്ളത്. മിക്കവരും ഗുജറാത്തിലും മഹാരാഷ്ട്രയില്‍നിന്നുമുള്ളവര്‍. മറുനാടന്‍ തൊഴിലാളികള്‍ക്കുപുറമെ തദ്ദേശിയരായ യുവാക്കളും അശാസ്ത്രീയവും അപടകരവുമായ ഈ കൗതുകത്തിന് പിറകെയുണ്ടെന്നതാണ് ഗൗരവതരമായ കാര്യം.

കണ്ണൂര്‍ നഗരത്തില്‍ പലയിടങ്ങളിലായി പച്ചകുത്തലുകാര്‍ സജീവമാണെങ്കിലും റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് കൂടുതല്‍. കാലും കൈത്തണ്ടയും കഴുത്തും ഉള്‍പ്പെടെ ഏതുസ്ഥലത്തും പച്ചകുത്താന്‍ ഇവര്‍ തയ്യാര്‍. ശരാശരി വലിപ്പമുള്ള ഡിസൈന്‍ ഒന്നിന് 300 രൂപയാണ് ഈടാക്കുന്നത്. വിലപേശിയാല്‍ 200 രൂപയ്ക്കുവരെ സേവനം ലഭ്യമാകുമെന്നത് വേറെ കാര്യം. അംഗീകൃതമായ പച്ചകുത്തല്‍ കേന്ദ്രങ്ങളില്‍ മൂവായിരത്തിനുമുകളില്‍ തുക ഈടാക്കുന്നിടത്താണ് ഈ കിഴിവ് എന്നോര്‍ക്കണം. ഇതില്‍ തന്നെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമാണെങ്കിലും നമ്മുടെ യുവാക്കള്‍ ഇതിലൊന്നും ശ്രദ്ധിക്കുന്നില്ല.

പച്ചകുത്തല്‍ ഇങ്ങനെ

സെലോടേപ്പ് കൊണ്ട് ബന്ധിപ്പിച്ച ബാറ്ററികള്‍, പച്ചകുത്താനുള്ള സൂചി (നീഡില്‍), മഷി, പലവര്‍ണക്കൂട്ടുകള്‍ തുടങ്ങിയവയാണ് ഇവരുടെ പണിയായുധങ്ങള്‍. പച്ചകുത്തുന്നതിന്റെ വിവിധ ഡിസൈനുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. സൂപ്പര്‍മാനും ബാറ്റ്മാനും മുതല്‍ ഇഷ്ടതാരങ്ങള്‍ വരെയും ദേവരൂപങ്ങള്‍ തൊട്ട് മതസൂചകങ്ങള്‍ വരെയും ഡിസൈനുകളില്‍ ലഭ്യം. ബാറ്ററികള്‍ കാലിന്റെ ഇരുതള്ളവിരലുകള്‍ക്കിടയിലും ചേര്‍ത്തുവെച്ചാണ് സൂചി പ്രവര്‍ത്തിപ്പിക്കുന്നത്. സൂചി വഴി നിറങ്ങളും മഷിയും തൊലിയിലേക്ക് ഇന്‍ജക്ട് ചെയ്യുന്നതാണ് രീതി. ഈ സൂചി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാറില്ല. ഒരാള്‍ക്ക് ഉപയോഗിച്ചതുതന്നെയാണ് മറ്റൊരാള്‍ക്ക് ഉപയോഗിക്കുന്നതും. മിനുട്ടുകള്‍ക്കുള്ളില്‍ പച്ചകുത്ത് നടന്നുകഴിയും. തുടര്‍ന്ന് പച്ചകുത്തിയ ഭാഗത്ത് വെളിച്ചെണ്ണ പ്രയോഗമാണ്. ഏറ്റവും ഒടുവില്‍ മഞ്ഞള്‍പൊടിക്ക് സമാനമായ പൊടികൊണ്ട് ഒരു പ്രയോഗവുമുണ്ട്. (ഇവരുടെ പണിയായുധങ്ങളില്‍ ബാറ്ററിയും വെളിച്ചെണ്ണയും മാത്രമാണ് ബ്രാന്‍ഡഡ് എന്നുപറയാം.മറ്റെല്ലാം പ്രാദേശികമായി നിര്‍മിക്കുന്നവ) നടപ്പാതയില്‍ പൊടിപടലങ്ങള്‍ക്കിടയില്‍ തറയിലിരുന്നാണ് പച്ചകുത്ത്.പൊതു അവധിദിനങ്ങളിലും ഞായറാഴ്ചകളിലും ജോലിത്തിരക്ക് കൂടും. പച്ചകുത്തുമ്പോള്‍ കഠിനമായ വേദനയുണ്ടാകുമെങ്കിലും യുവാക്കള്‍ ഇതിനുപിറകെയാണ്. ജീവിതാവസാനം വരെ നിലനില്‍ക്കുന്ന പെര്‍മനന്റ് ടാറ്റൂവാണിത്.

വേണ്ടത് സുരക്ഷ

പച്ചകുത്തുന്നയാള്‍ കൈകള്‍ അണുനാശിനിയുപയോഗിച്ച് ശുദ്ധമാക്കുക എന്നതാണ് സുരക്ഷിതമായ പച്ചകുത്തലിന്റെ ആദ്യപടി. ഗ്ലൗസ് ധരിക്കുക, സൂചിയും അനുബന്ധ സാമഗ്രികളും അണുവിമുക്തമാക്കുക, ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍മാത്രം ഉപയോഗിക്കുക എന്നിവയാണ് മറ്റ് സുരക്ഷാനിര്‍ദ്ദേശങ്ങള്‍. അംഗീകൃതവും പരിസരമലിനീകരണമില്ലാത്തതുമായ കേന്ദ്രങ്ങളില്‍നിന്നുവേണം പച്ചകുത്താന്‍. പച്ചകുത്തിയതിനുശേഷം വിദഗ്ധന്‍ നല്‍കുന്ന ഉപദേശങ്ങള്‍ പിന്തുടരുകയും വേണം.അലര്‍ജിയാണ് അശാസ്ത്രീയ പച്ചകുത്തലിന്റെ പ്രധാന കോട്ടം. പച്ചകുത്തിയിടത്ത് അസ്വസ്ഥത, തടിപ്പ്, ചൊറിച്ചില്‍ എന്നിവയനുഭവപ്പെടാം. ത്വക്കിനടിയില്‍ മുഴകള്‍ പ്രത്യക്ഷപ്പെടാം. അശാസ്ത്രീയമായ സൗന്ദര്യവത്കരണത്തിനുപിറകെ പോകുന്നതിനുമുമ്പ് ആരോഗ്യവിദഗ്ധരുടെ വാക്കുകള്‍ ശ്രദ്ധിക്കുക: 'അശാസ്ത്രീയവും സുരക്ഷയില്ലാത്തതുമായ പച്ചകുത്തലിലൂടെ ഗുരുതരമായ ചര്‍മരോഗങ്ങള്‍ക്കുപുറമെ മഞ്ഞപ്പിത്തമടക്കമുള്ള അസുഖങ്ങളും ബാധിക്കാം. ഒരാള്‍ക്ക് ഉപയോഗിച്ച സൂചി മറ്റൊരാളില്‍ പ്രയോഗിക്കുക വഴി എച്ച്.െഎ.വി. ബാധ പോലും തള്ളിക്കളയാനാവില്ല.'

Content Highlights: important things to know about tattooing