Representative Image | Photo: Gettyimages.in
കാഞ്ഞങ്ങാട്: മാസ്ക് താടിക്കുതാഴേയുള്ള അടയാളം മാത്രമായി. സാനിറ്റൈസർ എന്ന പേരു കേൾക്കാനില്ല. സോപ്പിട്ട് കൈകഴുകുന്ന ശീലവും കുറഞ്ഞു. പ്രതിരോധമരുന്നും വേണ്ട. കോവിഡ് നാട്ടിൽനിന്ന് അകന്നുവെന്നാണ് എല്ലാവരും കരുതുന്നത്. ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു, കോവിഡ് വരാതിരിക്കട്ടെ, എങ്കിലും നമ്മൾ ജാഗ്രത വിട്ടുകളയുന്നതെന്തിന്.
നാലാംതരംഗത്തിലേക്ക് ലോകാരോഗ്യസംഘടന വിരൽചൂണ്ടുന്നുണ്ട്. കോവിഡിന്റെ കൂടുതൽ വകഭേദങ്ങളുണ്ടാകാമെന്നും പറയുന്നു. പ്രതിരോധകുത്തിവെപ്പിന്റെ കാര്യം പലരും മറന്ന മട്ടാണ്. പ്രതിരോധമരുന്ന് ഇഷ്ടം പോലെയുണ്ട്. മുൻപ് സ്റ്റോക്ക് കുറഞ്ഞ സമയത്ത് അതിനായി തിക്കിത്തിരക്കിയവരൊക്കെ എവിടെയെന്ന് ഡോക്ടർമാരും ചോദിക്കുന്നു.
ജില്ലയിൽ 18 വയസ്സിനുമുകളിലുള്ളവരിൽ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചത് 9,70,879 പേരാണ്. ഇവരിൽ 8,23,318 പേർ രണ്ടാം ഡോസും 42,549 ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്. 15 മുതൽ 17 വയസ്സുവരെ പ്രായമുള്ളവരിൽ 48,628 പേർ ആദ്യഡോസും 29,749 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
കുത്തിവെച്ചത് ആറുശതമാനം കുട്ടികൾ മാത്രം
ജില്ലയിൽ 12-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 6.07 ശതമാനം പേർ മാത്രമാണ് കോവിഡ് പ്രതിരോധകുത്തിവെപ്പെടുത്തത്. ഈ ഗണത്തിൽ 72,123 പേരാണുള്ളത്. ഇതിൽ 4,385 പേർ മാത്രമാണ് ആദ്യഡോസ് സ്വീകരിച്ചത്. 717 പേർ രണ്ടാം ഡോസുമെടുത്തു. കുട്ടികൾക്കുള്ള കുത്തിവെപ്പ് തുടങ്ങിയപ്പോൾ ആരോഗ്യവകുപ്പ് സ്കൂൾ അധികൃതരുമായി ബന്ധപ്പെടുകയും ഊർജിത വാക്സിനേഷൻ ക്യാമ്പ് നടത്തുകയും ചെയ്തിരുന്നു.
സ്കൂൾ പൂട്ടിയപ്പോൾ കുട്ടികളെയുംകൊണ്ട് അതത് ആസ്പത്രിയിലെത്തി കുത്തിവെക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. എന്നാൽ, രക്ഷിതാക്കൾ മിക്കവരും ഇതിനോട് മുഖം തിരിച്ചു. സ്കൂൾ തുറക്കാൻ ഇനി ഒരുമാസം തികച്ചില്ല. അധ്യയനവർഷം തുടങ്ങും മുൻപേ, മുഴുവൻ കുട്ടികൾക്കും പ്രതിരോധമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഊർജിത വാക്സിനേഷൻ ഡ്രൈവ് എന്ന പേരിൽ കാമ്പയിൻ നടത്തും. ഇതിനായി വിദ്യാഭ്യാസവകുപ്പിന്റെയും അതത് തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും.
ഇതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ ഒൻപതിന് ജനപ്രതിനധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടക്കും.
സ്വകാര്യ ആസ്പത്രികളിലും കുത്തിവെപ്പ് കുറഞ്ഞു
പ്രതിരോധമരുന്നിന് ക്ഷാമുണ്ടായപ്പോഴും ഒരു ഡോസിന് ആയിരം രൂപയും അതിനു മുകളിലും ഈടാക്കിയപ്പോഴും സ്വകാര്യ ആസ്പത്രികളിലും ലാബുകളിലും കോവിഡ് കുത്തിവെപ്പിന് തിക്കിത്തിരക്കായിരുന്നു. കോവാക്സിന് 1180 രൂപയും കോവിഷീൽഡിന് 780 രൂപയും വാങ്ങിയിരുന്ന സമയങ്ങളിൽ ഓരോ മാസവും ജില്ലയിൽ 400 മുതൽ 500 വരെ ആളുകൾ സ്വകാര്യ ആസ്പത്രികളിലും ലാബിലുമെത്തി കുത്തിവെച്ചു. ഇപ്പോൾ എല്ലാ ഡോസിനും 386 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കനുസരിച്ച് 96 പേർ മാത്രമാണ് കുത്തിവച്ചത്.
മടിക്കുന്നതെന്തിന്?
കോവിഡ് വന്നാലും ഇല്ലെങ്കിലും കുത്തിവെക്കാൻ ആരും മടി കാണിക്കേണ്ട കാര്യമില്ല. ഇനിയൊരു തരംഗം വന്നാൽ പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് ഒരു ഭയവുമില്ലാതെ കഴിയാം. കുട്ടികൾക്കുള്ള ഡോസ് സ്റ്റോക്കുണ്ട്. എത്രയും പെട്ടെന്ന് രക്ഷിതാക്കൾ കുട്ടികളുമായി അതത് ആസ്പത്രികളിലെത്തി അവർക്ക് പ്രതിരോധമരുന്ന് നൽകണം. പ്രതിരോധ മരുന്നിനായുള്ള നെട്ടോട്ടം കോവിഡ് വ്യാപകമായ ശേഷമല്ല വേണ്ടത്. എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത കാട്ടണം.
ഡോ.എ.വി രാംദാസ്
ജില്ലാ മെഡിക്കൽ ഓഫീസർ
Content Highlights: importance of vaccines wearing mask and sanitizer to prevent covid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..