Representative Image|Gettyimages.in
നമ്മുടെ ശരീരത്തിന്റെ കണ്ണാടിയാണ് വായ. ശരീരത്തിലെ മിക്ക അവയവങ്ങളുമായും മറ്റു അസുഖങ്ങളുമായും അഭേദ്യമായ ബന്ധമാണ് വായക്കുള്ളത്. മിക്കപ്പോഴും കരള്‍, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ആദ്യ സൂചന കാണുക വായിലാണ്. ന്യൂമോണിയ, എച്ച്.ഐ.വി/എയ്ഡ്‌സ്, അല്‍ഷിമേഴ്‌സ് എന്നിവ ഇതിന് ഉദാഹരണമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 20-നാണ് ഓറല്‍ ഹെല്‍ത്ത് ഡേ (വായ സംരക്ഷണ ദിനം ) ആഘോഷിക്കുന്നത്, ഈ വര്‍ഷത്തെ ഓറല്‍ ഹെല്‍ത്ത് ഡേയുടെ തീം വായയുടെ ആരോഗ്യത്തില്‍ അഭിമാനിക്കുക എന്നതാണ്. വായയുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെയാണെന്ന് നോക്കാം.
വായ ശുചിയാക്കി വെക്കുക എന്നുള്ളത് ശരീരം ശുചിയാക്കി വെക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അതില്‍ ബ്രഷിങ്ങിന്റെ സ്ഥാനം വളരെ വലുതാണ്. രണ്ടു നേരവും ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുകയും ഫ്‌ളോസ് ചെയ്യുകയും ചെയ്താല്‍ തന്നെ ഭൂരിഭാഗം ദന്തരോഗങ്ങളില്‍ നിന്നും നമുക്ക് മുക്തി നേടാം. ശരിയായ വിധത്തില്‍ ബ്രഷ് ചെയ്യാതിരിക്കുകയോ മോണ സംരക്ഷിക്കാതിരിക്കുകയോ ചെയ്താല്‍ മോണകളില്‍ അണുക്കള്‍ ഭക്ഷണ പദാര്‍ത്ഥത്തിന്റെ കൂടെ അടിഞ്ഞു കൂടും.
പിന്നീട് പ്ലാക്ക് ,കാല്‍ക്കുലസ് ഒക്കെയായി മാറുകയും അവ ഉല്പാദിപ്പിക്കുന്ന അമ്ലം കാരണം മോണകള്‍ക്കും പല്ലുകള്‍ക്കും ബലക്ഷയം സംഭവിക്കുകയും പിന്നീട് പല്ലുകള്‍ കൊഴിയാന്‍ വരെ കാരണമാവുകയും ചെയ്യാറുണ്ട്. അത് പോലെ തന്നെ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പ്രത്യേകിച്ച് ഒട്ടിപ്പിടിക്കുന്നവ, കഴിച്ചതിനു ശേഷം പല്ലുകള്‍ വൃത്തിയാക്കിയില്ല എങ്കിലും പല്ലുകള്‍ക്ക് ക്ഷയം സംഭവിക്കുകയും പിന്നീട് പല്ലു പുളിപ്പ് /വേദന എന്നിവ അനുഭവപ്പെടുകയും ചെയ്യാറുണ്ട്.
പലപ്പോഴും പുളിപ്പ് അല്ലെങ്കില്‍ വേദന വരുമ്പോള്‍ മാത്രമേ പല്ലുകള്‍ ശ്രദ്ധിക്കാറുള്ളു, എന്നാല്‍ ദന്താരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ചികിത്സകള്‍ ലഭ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ ചെലവു കുറഞ്ഞതും പല്ലുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ ചികിത്സ ചെയ്യുവാന്‍ സാധിക്കും.
സെറ്റു പല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ഇതിന് കേടു വരില്ലല്ലോ എന്ന ധാരണ വച്ച് അത് വൃത്തിയാക്കാതെയിരിക്കുന്നത് കാണാറുണ്ട്. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പൂപ്പല്‍ ബാധയ്ക്ക് അത് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ചും പ്രമേഹം പോലെ ഉള്ള അസുഖങ്ങള്‍ ഉള്ളവരില്‍ അത് വളരെ അധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാനായി കൃത്യമായി രണ്ട് നേരം സെറ്റുപല്ലുകള്‍ എടുത്ത് ബ്രഷും മൃദുവായ സോപ്പും ഉപയോഗിച്ച് അകവും പുറവും വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.
ഒരു സെറ്റ് പല്ല് ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ ഉള്ളതല്ല എന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കാരണം ഇത് ഉണ്ടാക്കുന്ന അക്രിലിക് (acrylic ) പോലുള്ള വസ്തുക്കള്‍ ഒട്ടനവധി ചെറിയ സുഷിരങ്ങളുള്ള വസ്തുവാണ്. അതില്‍ പലതരത്തിലുള്ള കീടാണുക്കള്‍ അടിഞ്ഞു കൂടുകയും അത് നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ അഞ്ചോ ആറോ വര്‍ഷം കൂടുമ്പോള്‍ സെറ്റ് മാറ്റുന്നതാണ് നല്ലത് എന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നെ പ്രധാനമായി ശ്രദ്ധിക്കേണ്ടത് കിടപ്പു രോഗികളുടെ കാര്യമാണ്. മിക്കവരും അവരുടെ വായയുടെ കാര്യം ശ്രദ്ധിക്കാറില്ല. വായ തുറന്ന് കിടക്കുന്ന അവസ്ഥയിലുള്ള രോഗികളില്‍ ഈച്ച പോലെയുള്ളവ വന്നു മുട്ട ഇടുകയും അത് മോണയിലും മറ്റും പറ്റിപ്പിടിച്ചു വളര്‍ന്ന് പുഴു അരിക്കുന്ന (മായാസിസ്) ഒരവസ്ഥയില്‍ വരെ എത്തുന്നതായും കണ്ടിട്ടുണ്ട്. അതിനാല്‍ രോഗികള്‍ വായയില്‍ കൂടി ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ പോലും വായ വൃത്തിയാക്കി വെക്കേണ്ടത് ഇത്തരം രോഗികളെ പരിചരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
Content Highlights: oral health,teeth, health, smile
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..