തൃശ്ശൂർ: അമൃതം പദ്ധതിയെന്ന പേരിൽ കോവിഡ് പ്രതിരോധത്തിന് ആയുർവേദമരുന്നുകളുടെ പരീക്ഷണം സംബന്ധിച്ച വിശകലന റിപ്പോർട്ടിൽ തുടർനടപടികളില്ല. രോഗത്തിന്റെ പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലും ഏറെ ഗുണപ്രദമാകാൻ സാധ്യതയുള്ള റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കാത്തത് ദുരൂഹമാണെന്നാണ് ആയുർവേദമേഖലയിലുള്ളവരുടെ കുറ്റപ്പെടുത്തൽ.

ക്വാറന്റീനിൽ കഴിയുന്ന രോഗികളെ പുനരധിവസിപ്പിക്കുകയെന്ന നിലയിലുള്ള പരിപാടി പൂർണമായും സർക്കാർ സംവിധാനങ്ങളിലൂടെയാണ് നടപ്പാക്കിയത്. മരുന്നുകൾ നിശ്ചയിക്കുന്നതിനും അവയുടെ ഗുണം വിലയിരുത്തുന്നതിനുമെല്ലാം കൃത്യമായ മാനദണ്ഡങ്ങളുമുണ്ടാക്കി. ജില്ലകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ അഞ്ച് മെഡിക്കൽ റിസർച്ച് ഓഫീസർമാർ പരിശോധിച്ച് ഏകോപിപ്പിച്ചാണ് സംസ്ഥാനതലത്തിലേക്ക് നൽകിയത്. വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിലെ രേഖകളുമായി ഒത്തുനോക്കി സ്ഥിരീകരിച്ച ശേഷമാണ് വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ റിപ്പോർട്ടാക്കിയത്.

പ്രധാന കണ്ടെത്തലുകൾ

  • മേയ് മാസം 21 മുതൽ 80 ദിവസമായിരുന്നു വിലയിരുത്തൽ കാലയളവ്.
  • ഒരുലക്ഷംപേർ പങ്കെടുത്തു
  • പോസിറ്റീവ് കേസുകൾ 577 മാത്രം (വെറും അരശതമാനത്തോളം. സംസ്ഥാനത്തെ നിലവിലുള്ള നിരക്ക് പത്തിനടുത്താണ്.)
  • മരുന്ന് കഴിക്കാത്തവരേക്കാൾ ഉപയോഗിച്ചവർ 4.7 ശതമാനം സുരക്ഷിതരായി കാണപ്പെട്ടു.
  • മരുന്നുപയോഗിച്ചിട്ടും രോഗം വന്നവരിൽ 70 ശതമാനത്തിനും ചെറിയതോതിലാണ്. 168 പേർക്കു മാത്രമാണ് തൊണ്ടവേദന, രുചി നഷ്ടമാകൽ എന്നിവ വന്നത്.
  • 64 പേർ മൂന്നുദിവസത്തിനകം രോഗമുക്തരായി.
  • മരുന്നുപയോഗിച്ച് ഒരാൾക്കും രോഗം ഗുരുതരാവസ്ഥയിലെത്തിയില്ല.
  • മരുന്ന് കഴിച്ചവർക്കാർക്കും പാർശ്വഫലങ്ങളും കണ്ടില്ല.
  • ഇന്ദുകാന്തം കഷായം, ഷഡംഗപാനീയം, വില്വാദി, സുദർശനം ഗുളികകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചത്.


തുടർനടപടികൾ വേണം

മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് അമൃതം പദ്ധതി നടപ്പായത്. അതിന്റെ ശാസ്ത്രീയമായ വിലയിരുത്തൽ പൊതുജനാരോഗ്യത്തിനും പരമ്പരാഗത ആയുർവേദത്തിനും ഏറെ പ്രയോജനകരമാണ്. റിപ്പോർട്ടിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ വൈകരുത്.

-ഡോ. ഡി. രാമനാഥൻ
ജനറൽ സെക്രട്ടറി
ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ

Content Highlights:Impact of Ayurveda treatment in Covid19, Health, Ayurveda