നെടുമ്പാശ്ശേരി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരേ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്കായി വിപുലമായ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഒരേസമയം 700-ഓളം യാത്രക്കാരെ പരിശോധിക്കാനാകും. 350 പേര്‍ക്ക് ആര്‍.ടി.പി.സി.ആറും 350 പേര്‍ക്ക് റാപ്പിഡ് പി.സി.ആര്‍. പരിശോധനയും നടത്താം.

റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാരില്‍ രണ്ടുശതമാനം പേര്‍ക്കുമാണ് പരിശോധന നടത്തുക. റാപ്പിഡ് പരിശോധനാഫലം അരമണിക്കൂറിനകം ലഭ്യമാകും. നെഗറ്റീവാണെങ്കില്‍ വീട്ടിലേക്ക് പോകാം. ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം ലഭ്യമാക്കാന്‍ അഞ്ചുമണിക്കൂര്‍ എടുത്തേക്കും. ഈ സമയം യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക ഹോള്‍ഡിങ് ഏരിയ സജ്ജമാക്കിയിട്ടുണ്ട്.

രണ്ട് പരിശോധനകള്‍ക്കും സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഏത് പരിശോധന വേണമെന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാം. പരിശോധനകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്തിനുള്ളില്‍തന്നെ യാത്രക്കാരെ അറിയിക്കും.

റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കും.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനാ നടപടികള്‍ കൂടുതല്‍ സുഗമമാക്കാന്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം

Content Highlights: Immediate Covid test report at Nedumbassery airport