തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചാല്‍ നഷ്ടപരിഹാരം മക്കള്‍ക്ക് തുല്യമായി വീതിച്ചുനല്‍കും. മരിച്ചയാള്‍ അവിവാഹിതനാണെങ്കില്‍ സഹായധനം മാതാപിതാക്കള്‍ക്ക് തുല്യമായി വീതിച്ചു നല്‍കാമെന്നും ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദേശം.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുവിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നഷ്ടപരിഹാരത്തിന് അര്‍ഹനായ അടുത്തബന്ധു ആരാണെന്നതു സംബന്ധിച്ചാണ് ദുരന്തനിവാരണ വകുപ്പ് ഇപ്പോള്‍ വ്യക്തത വരുത്തിയിട്ടുള്ളത്.

മരിച്ചയാള്‍ വിവാഹിതന്‍/വിവാഹിത ആയിരിക്കുകയും ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ ജീവിച്ചിരിപ്പില്ലാത്ത ആളുമാണെങ്കില്‍ സഹായത്തിന് മാതാപിതാക്കള്‍ക്കാണ് തുല്യമായ അര്‍ഹത. മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണെങ്കില്‍ ഭാര്യയ്ക്കുമാണ് സഹായധനം അനുവദിക്കുക.

മാതാപിതാക്കള്‍, ഭാര്യ/ഭര്‍ത്താവ്, മക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മരിച്ചയാളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ക്ക് സഹായധനം തുല്യമായി വീതിച്ചുനല്‍കും. മരിച്ചയാളുടെ കുടുബത്തില്‍ ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കൊപ്പം ആശ്രിതരായ മാതാപിതാക്കള്‍കൂടിയുണ്ടെങ്കില്‍ അവര്‍ക്കും ആനുപാതികമായി സഹായധനം അനുവദിക്കാവുന്നതാണെന്നും വ്യക്തമാക്കി.

Content Highlights: If the parents die of Covid19, the compensation will be distributed to the children