രു വാക്‌സിന്‍ ജീവന്‍രക്ഷാ ഔഷധമായി മാറുമ്പോഴാണ് അത് ചരിത്രമാകുന്നത്. അത്തരത്തില്‍ ചരിത്രപരമെന്ന് യു.കെ. കാന്‍സര്‍ റിസര്‍ച്ച് വിശേഷിപ്പിച്ച വാക്‌സിനാണ് എച്ച്.പി.വി. വാക്‌സിന്‍(ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍). 

വൈറസുകളാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണം. ലോകത്ത് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന നാലാമത്തെ കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. ആറുലക്ഷം പേരാണ് ഓരോ വര്‍ഷവും സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നത്. ഇത്തരം പത്ത് മരണങ്ങളില്‍ ഒന്‍പതും സംഭവിക്കുന്നത് സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളിലാണ്. സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം ലഭ്യമല്ലാത്തതാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ എച്ച്.പി.വി. വാക്‌സിന്റെ രംഗപ്രവേശം ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 

സെര്‍വിക്കല്‍ കാന്‍സറിനെ തുടച്ചുനീക്കുക എന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് നൂറിലധികം രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്. യു.കെയില്‍ 11-13 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി. വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ട്. 

ഏകദേശം നൂറിലധികം തരം ഹ്യൂമന്‍ പാപ്പിലോമ വൈറസുകളുണ്ട്. 99 ശതമാനം സെര്‍വിക്കല്‍ കാന്‍സറിന് കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്. 

2008 മുതല്‍ ഇംഗ്ലണ്ടില്‍ എച്ച്.പി.വി. വാക്‌സിന്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്നുണ്ട്. ഇതിനുശേഷം സംഭവിച്ചതെന്തെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്.  അന്ന് വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ ഇന്ന് അവരുടെ ഇരുപതുകളില്‍ എത്തിയിരിക്കുന്നു. ഈ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് പ്രീ കാന്‍സറസ് വളര്‍ച്ചകളും സെര്‍വിക്കല്‍ കാന്‍സറുകളും 87 ശതമാനത്തിലധികം കുറഞ്ഞുവെന്നാണ്. അതിനാല്‍ തന്നെ വാക്‌സിനേഷന്റെ ഫലം വളരെ വലുതാണെന്ന് ലണ്ടന്‍ കിങ്‌സ് കോളേജിലെ ഗവേഷകരിലൊരാളായ പ്രൊഫസര്‍ പീറ്റര്‍ സസെയ്‌നി പറഞ്ഞു. 

2019 മുതല്‍ ആണ്‍കുട്ടികള്‍ക്കും ഈ വാക്‌സിന്‍ നല്‍കുന്നുണ്ട്. കാരണം, ഹ്യൂമന്‍ പാപ്പിലോമ വൈറസ് തൊണ്ടയിലും വായിലും മലദ്വാരത്തിലും കാന്‍സറിന് ഇടയാക്കുന്നതാണ്. 12-13 പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്കാണ് എച്ച്.പി.വി. വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സെക്‌സില്‍ ആക്ടീവ് ആകുന്നതിന് മുന്‍പ് തന്നെ വാക്‌സിന്‍ നല്‍കുന്നതിന് വേണ്ടിയാണ് ഈ പ്രായം തിരഞ്ഞെടുക്കുന്നത്. സെക്‌സിലൂടെ വൈറസ് പകരുമെന്നതിനാണ് ഈ മുന്‍കരുതല്‍. 

Content Highlights: HPV human papillomavirus vaccine cutting cervical cancer by nearly 90 percentage in UK