മാതാപിതാക്കളുമായും സഹോദരങ്ങളുമായും കുട്ടികളുമായി ഉള്ളത് മോശം സ്‌നേഹബന്ധമാണെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ''കുടുംബത്തിലെ വൈകാരികമായ ഇടപെടലുകള്‍ അംഗങ്ങളുടെ മൊത്തം ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ബന്ധം വഷളാകുന്നത് പക്ഷാഘാതം, തലവേദന തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനും നേരത്തേയുള്ളവര്‍ക്ക് അത് വഷളാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി'' -പഠനത്തിനു നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ ഗവേഷക സാറാ ബി. വുഡ്‌സ് പറഞ്ഞു.

2,802 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 1995-'96, 2004-'06, 2013-'14 എന്നീ കാലയളവില്‍ മൂന്നുഘട്ടങ്ങളായാണ് വിവരങ്ങള്‍ ശേഖരിച്ചത്. കുടുംബത്തില്‍നിന്നുള്ള പിന്തുണ, ബുദ്ധിമുട്ടുകള്‍, പങ്കാളിയില്‍നിന്നുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയാധാരമാക്കിയായിരുന്നു ചോദ്യങ്ങള്‍.

അതേസമയം, പങ്കാളികളുമായുള്ളബന്ധവും ആരോഗ്യവും തമ്മില്‍ കാര്യമായ ഫലങ്ങളൊന്നുമില്ലെന്നും കണ്ടെത്തി. ഈ ബന്ധം എപ്പോള്‍ വേണമെങ്കിലും തകരാമെന്നും എന്നാല്‍, കുടുംബത്തിലെ മറ്റംഗങ്ങളുമായി ദീര്‍ഘകാലമായുള്ള ബന്ധം ഉള്ളതിനാലാണ് അത് ആരോഗ്യത്തെ ബാധിക്കുന്നതെന്നുമാണ് ഗവേഷകരുടെ അവകാശവാദം.

Content Highlights: How family affects your health