തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് കോവിന്‍ പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യസേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാനവിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും.

രജിസ്ട്രേഷന്‍സമയത്ത് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. 

വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റെയും രേഖകളില്‍ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്‌സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും.

45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം. 

Content Highlights: How to register to get the Covid19 vaccine, Health, Covid19, Covid Vaccine