ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ വീട്ടിലിരുന്ന് ജോലിചെയ്യേണ്ടിവരുന്ന(വര്‍ക്ക് ഫ്രം ഹോം)വരുടെ കുടുംബത്തിന് ടെലികൗണ്‍സലിങ് ഉള്‍പ്പെടെ നല്‍കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങുന്നു. ആദ്യഘട്ടമായി ടെക്‌നോപാര്‍ക്കിലെ ഐ.ടി. ജീവനക്കാരെയാണ് ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി എല്ലാ വിഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വനിതാവികസന കോര്‍പ്പറേഷനും തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും ചേര്‍ന്നാണിത് നടപ്പാക്കുന്നത്. ഐ.ടി. ജീവനക്കാര്‍ക്ക് രാവിലെമുതല്‍ രാത്രിവരെ നീളുന്ന ജോലിയാണ് പല കമ്പനികളും നല്‍കുന്നത്. വീട്ടിലുണ്ട്, എന്നാല്‍ ജോലിഭാരം കാരണം കുടുംബവുമായി ഇടപെടാന്‍ പലര്‍ക്കും കഴിയുന്നുമില്ല. ഇത് ബന്ധങ്ങളെത്തന്നെ മോശമായി ബാധിക്കുന്നുണ്ടെന്നാണ് പരാതി. വീട്ടിലിരിക്കേണ്ടി വരുന്ന കുട്ടികളുടെ സ്വഭാവത്തിലും മാറ്റമുണ്ടാകുന്നുണ്ടെന്ന് എസ്.എ.ടി. ആശുപത്രിയിലെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ആര്‍. ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.
പ്രവര്‍ത്തനരീതി ഇങ്ങനെ
കുട്ടികളുടെ സ്വഭാവപ്രശ്‌നങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. വിവരങ്ങള്‍ തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് കൈമാറും. അവര്‍ വേണ്ട നിര്‍ദേശങ്ങളും ആവശ്യമെങ്കില്‍ കൗണ്‍സലിങ്ങും നല്‍കുക. പ്രശ്‌നങ്ങള്‍ വിലയിരുത്തി കുട്ടികള്‍ ഏര്‍പ്പെടേണ്ട വിനോദോപാധികള്‍വരെ നിര്‍ദേശിക്കാനാകും. കുടുംബാംഗങ്ങള്‍ക്ക് മുഴുവനായി നിര്‍ദേശങ്ങളും കൗണ്‍സലിങ്ങും നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
ഉയരുന്ന പരാതികള്‍
*ജോലി വീട്ടിലേക്ക് കൊണ്ടുവരുന്നത് ചിലയിടങ്ങളിലെങ്കിലും ബന്ധങ്ങളിലെ ശൈഥില്യത്തിനും വാക്കുതര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു.
*കുട്ടികളുടെ അമിത വികൃതിയെക്കുറിച്ചുള്ള പരാതികള്‍ വ്യാപകം. മൊബൈല്‍ ഫോണിന്റെയും ടെലിവിഷന്റെയും അമിതോപയോഗം ശ്രദ്ധക്കുറവും ഹൈപ്പര്‍ ആക്ടിവിറ്റിയുള്‍പ്പെടെയുള്ള സ്വഭാവപ്രശ്‌നങ്ങളും കുട്ടികളിലുണ്ടാക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
*സംഭ്രമംനിറഞ്ഞ വാര്‍ത്തകളും അതുസംബന്ധിച്ച് വീടുകളില്‍ നടക്കുന്ന ചര്‍ച്ചകളും മുന്‍കരുതലുകളും കുട്ടികളെയും ബാധിക്കുന്നു.
*വീടുകളില്‍ അടച്ചിരിക്കുന്നത് കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും സ്വഭാവത്തെ ബാധിക്കുന്നു.
*ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള (എ.ഡി.എച്ച്.ഡി.) കുട്ടികള്‍ക്ക് അടങ്ങിയൊതുങ്ങിയിരിക്കാനാകില്ല. വിഭിന്നശേഷിയുള്ളവരെയും അടച്ചിടല്‍ ബാധിച്ചേക്കാം.
പരിഹാരമാര്‍ഗങ്ങള്‍
കുടുംബത്തെ വീണ്ടെടുക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ബിഹേവിയര്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനം ശരിയായ പേരന്റിങ് കിട്ടാത്തതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഈ കാലം മികച്ചൊരു അവസരമാക്കാം. കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാം. അവരുടെ സര്‍ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ വീടുകള്‍തന്നെ വേദിയാക്കുക. ചിത്രം വരയ്ക്കാനും നിറം കൊടുക്കാനും നൃത്തം, പാട്ട് തുടങ്ങിയ കലാപരിപാടികള്‍ക്കും അവസരമൊരുക്കുക. മുതിര്‍ന്നവര്‍ തമ്മിലും സംസാരിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കുക. ദൂരെയാണെങ്കില്‍ ഫോണില്‍ വിളിക്കുക. കുടുംബം ഒന്നടങ്കം പ്രവൃത്തികളിലേര്‍പ്പെടുക. അടുക്കളയില്‍ ഒരുമിച്ച് പാചകം, കുട്ടികളുടെ പാട്ടും ഡാന്‍സും, ടെറസിലുംമറ്റും കൃഷി അങ്ങനെ എന്തുമാവാം.
Content Highlights: How to maintain mental health while working from home