തിരുവനന്തപുരം: പി.ജി. ഡോക്ടര്‍മാര്‍ക്കു പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ സ്തംഭനത്തിലേക്ക്. പി.ജി. ഡോക്ടര്‍മാര്‍ നാലാംദിവസവും അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിക്കും.

ഹൗസ് സര്‍ജന്മാര്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പി.ജി. ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തും.

മെഡിക്കല്‍ കോളേജുകളില്‍ നാലുദിവസമായി ചികിത്സാ സംവിധാനങ്ങള്‍ താളംതെറ്റിയ അവസ്ഥയിലാണ്. ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റുകയും ഒ.പി. ചികിത്സ മുടങ്ങിയ അവസ്ഥയിലുമാണ്. നാലുശതമാനം സ്‌റ്റൈപന്‍ഡ് വര്‍ധന, പി.ജി.ക്കാരുടെ സമരം കാരണം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് ഒ.പി.യിലും വാര്‍ഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സര്‍ജന്മാര്‍ പ്രതിഷേധിക്കുന്നത്.

ആലപ്പുഴയില്‍ ഹൗസ് സര്‍ജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രൊഫസറെ അസഭ്യംപറയുകയും ചെയ്തതിലും ഒരാഴ്ച അറുപതിലധികം മണിക്കൂര്‍ വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്നതിലും പ്രതിഷേധിച്ച് കേരള ഗവ. പി.ജി. മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷനും സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെ ഒ.പി. ബഹിഷ്‌കരിക്കും.

മെഡിക്കല്‍ കോളേജില്‍ പി.ജി. ഡോക്ടര്‍മാരുടെ സമരം 13-ാം ദിവസത്തിലേക്കു കടന്നത് ചികിത്സാ സംവിധാനങ്ങളെ കാര്യമായി ബാധിച്ചു തുടങ്ങി. മറ്റ് ആശുപത്രികളില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായാണ് സൂചന.

വിഷയത്തില്‍ രണ്ടുവട്ടം ചര്‍ച്ചനടത്തിയതായും ആവശ്യങ്ങള്‍ അംഗീകരിച്ചതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ആവശ്യങ്ങളില്‍ ചിലതുമാത്രമാണ് അംഗീകരിച്ചതെന്നും മറ്റുള്ളവ സംബന്ധിച്ച് ഒരു മറുപടിയും പറയുന്നില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്.

ഹാജര്‍ നല്‍കില്ലെന്നും പരീക്ഷ എഴുതിക്കില്ലെന്നും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും സമരക്കാര്‍ ആരോപിച്ചു.

സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്- കെ.ജി.എം.സി.ടി.എ.

പി.ജി. വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. റെസിഡന്‍സി സമ്പ്രദായം നിലവിലുള്ള മെഡിക്കല്‍ കോളേജുകളില്‍ രോഗീപരിചരണം പി.ജി. വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമാണ്. പി.ജി. വിദ്യാര്‍ഥികളുടെ അഭാവം കാരണം ചികിത്സയുമായി ബന്ധപ്പെട്ട അമിത ജോലിഭാരം പൂര്‍ണമായും ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്ക് സാധ്യമല്ലെന്നും കെ.ജി.എം.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ബിനോയിയും സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കറും പറഞ്ഞു.

Content Highlights: House surgeons on strike for 24 hours; Medical colleges to a standstill