പ്രതീകാത്മക ചിത്രം | Photo: Ridhin DamuMathrubhumi
കല്പറ്റ: കേരളത്തിലുടനീളം ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളെ സുരക്ഷിതമേഖലകളായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വയനാട് ജില്ലാഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചികിത്സയിലിരിക്കെ രോഗാവസ്ഥ കാരണം രോഗികള്‍ മരണപ്പെട്ടാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്ക്കുംനേരെ അക്രമങ്ങള്‍ നടത്തുന്നത് വര്‍ധിക്കുകയാണ്. പലപ്പോഴും സമൂഹവിരുദ്ധരും രാഷ്ട്രീയക്കാരുമാണ് ഇത്തരം സംഭവങ്ങളില്‍ പ്രതികളാകുന്നത്.
ആശുപത്രികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വനിതാ ഡോക്ടര്‍മാരുള്‍പ്പടെ നൂറിലധികം ഡോക്ടര്‍മാരാണ് വിവിധഭാഗങ്ങളില്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയായത്. പ്രതികളില്‍ ചില പോലീസ് ഉദ്യോഗസ്ഥരുമുണ്ടെന്ന കാര്യം ആശങ്കാജനകമാണ്. പോലീസുകാര്‍ പ്രതികളാകുന്ന സംഭവങ്ങളില്‍ കേസെടുക്കാന്‍ പോലീസ് മടിക്കുന്നു. മാവേലിക്കര ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വനിതാ ഹൗസ് സര്‍ജനെ അക്രമിച്ച കേസില്‍ പ്രതിയായ പോലീസുകാരനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നൂറനാട് ആശുപത്രി ആക്രമണക്കേസിലെ പ്രതിയും പോലീസുകാരനാണ്. പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഐ.എം.എ. ഇടപെട്ടപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നിര്‍ഭയമായും സ്വതന്ത്രമായും ജോലിചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. വനിതാ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെടുമ്പോള്‍ വനിതാ കമ്മിഷനോ മനുഷ്യാവകാശ കമ്മിഷനോ ഇടപെടുന്നില്ല.
രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്കാന് സര്‍ക്കാര്‍ തയ്യാറാവണം. ചെയര്മാന് ഡോ. അബ്ദുള്‍ഗഫൂര്‍, കണ്‍വീനര്‍ ഡോ. എം. ചന്ദ്രന്, പ്രസിഡന്റ് ഡോ. റോഷന് ബാലകൃഷ്ണന്, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ഭാസ്കരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content highlights: hospitals in kerala should be declared as safe areas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..