കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യ മേഖലയില്‍ പ്രതിരോധത്തിന്റെ കൂറ്റന്‍ മതില്‍ തീര്‍ത്ത് ഹോമിയോപ്പതിയും. കോവിഡ് പ്രതിരോധ മരുന്ന് കോവിഡിനെതിരായ പോരാട്ടത്തില്‍ ഏറെ സ്വീകരിക്കപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിച്ച മാതൃകയില്‍ അടുത്ത ഘട്ടത്തേയും ഫലപ്രദമായി നേരിടാനാണ് ഹോമിയോ വകുപ്പ് ഒരുങ്ങുന്നത്. കോവിഡനന്തര ചികിത്സയ്ക്കും പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങി സമഗ്ര പദ്ധതികളാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

പരിമിതികള്‍ക്കുള്ളില്‍നിന്നു ലഭ്യമായ എല്ലാ കരുത്തും ഉപയോഗിച്ചു പ്രവര്‍ത്തിക്കാനാണു ലക്ഷ്യമിടുന്നതെന്ന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സൂസന്‍ മത്തായി പറഞ്ഞു. ''നൂറുകണക്കിനു രോഗികളാണ് ഇപ്പോള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഡിസ്‌പെന്‍സറികളില്‍നിന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടറുമായി ടെലി കണ്‍സല്‍ട്ടന്‍സി നടത്തി ചികിത്സ തേടാം. ഡോക്ടറോടു സംസാരിച്ച ശേഷം നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഡിസ്‌പെന്‍സറിയില്‍ നിന്നു വാങ്ങാം. യാത്ര നടത്താതെ തന്നെ ജില്ലയുടെ ഏതു ഭാഗത്തും ആളുകള്‍ക്കു പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണിത്''- ഡോ. സൂസന്‍ മത്തായി പറഞ്ഞു.

കോവിഡാനന്തരം മുന്നോട്ട്

കോവിഡിനു ശേഷമുള്ള ചികിത്സയ്ക്കായി ഹോമിയോ വകുപ്പ് പുതിയ ക്ലിനിക്കുകള്‍ തുടങ്ങി. ജില്ലാ ആശുപത്രിയിലെ ഡോ. വി.ജി. അജിത് കുമാറും ഡോ. സ്മിത കെ. മേനോനും ഡോ. സി.എസ്. റിഫ്നയുമൊക്കെ പങ്കുവെച്ചത് അക്കാര്യമാണ്. ''മേയ് രണ്ടാം വാരത്തിലാണ് ഞങ്ങള്‍ ഇവിടെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങിയത്. കോവിഡ്മുക്തിക്കു ശേഷം പലരും ക്ഷീണം, ശരീരവേദന, ഉറക്കമില്ലായ്മ, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ രാവിലെ ഒമ്പതു മുതല്‍ രണ്ടു മണി വരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഡിസ്‌പെന്‍സറികളില്‍ ഉച്ചയ്ക്കു 12 മുതല്‍ രണ്ടുമണി വരെയും'' - ഡോ. സ്മിത പറഞ്ഞു.

രക്തപരിശോധനയും ഇ.സി.ജി.യും അടക്കമുള്ള ടെസ്റ്റുകള്‍ക്കായി മികച്ച ലാബും സജ്ജീകരിച്ചിട്ടുണ്ട്. മഞ്ഞ വിഭാഗം റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് എല്ലാ പരിശോധനകളും സൗജന്യമാണ്. പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കു പകുതി നിരക്ക് മതി.

പ്രതിരോധം തന്നെയാണ് പ്രധാനം

കോവിഡിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കാനാണ് ഹോമിയോ വകുപ്പ് ലക്ഷ്യമിടുന്നത്. ഞങ്ങളുടെ പ്രതിരോധ മരുന്നു തേടി നൂറുകണക്കിന് ആളുകളാണ് ആശുപത്രികളെ സമീപിക്കുന്നത്.

മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കേണ്ട മരുന്ന് 21 ദിവസത്തെ ഇടവേളയ്ക്കു ശേഷം ആവര്‍ത്തിക്കണം. ജീവനക്കാരുടെ കുറവ് പോലെയുള്ള പരിമിതികളുണ്ടെങ്കിലും എല്ലാവരും ഒന്നിച്ചുനിന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്
- ഡോ. ലീന റാണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)

Content Highlights: Homeo treatment for Covid health problems, Health, Covid19