തിരുവനന്തപുരം: അതിവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം നിലനില്‍ക്കുന്നതിനാല്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് ഹോംക്വാറന്റീന്‍ അനുവദിക്കുന്നത്.

ഹോം ഐസൊലേഷന്‍ എങ്ങനെ

ശൗചാലയസൗകര്യം ഉള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എ.സി. മുറി ഒഴിവാക്കണം. സന്ദര്‍ശകരെ ഒഴിവാക്കണം. മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. വീട്ടിലുള്ള എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കണം.

സാധനങ്ങള്‍ കൈമാറരുത്

ആഹാരസാധനങ്ങള്‍, ടി.വി. റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവെക്കരുത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്‌ളീച്ചിങ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടിസ്പൂണ്‍ ബ്‌ളീച്ചിങ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കണം.

വെള്ളവും ആഹാരവും പ്രധാനം

വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ഫ്രിഡ്ജില്‍ െവച്ച തണുത്ത വെള്ളവും ഭക്ഷണങ്ങളും ഒഴിവാക്കണം. പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുക. എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.

സ്വയം നിരീക്ഷണം ഏറെ പ്രധാനം

വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കണം. പള്‍സ് ഓക്‌സിമീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗലക്ഷണങ്ങളും ദിവസവും കുറിച്ച് വെക്കണം.

സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 96-ന് മുകളിലായിരിക്കും. ഓക്‌സിജന്റെ അളവ് 94-ല്‍ കുറവായാലും നാഡിമിടിപ്പ് 90-ന് മുകളിലായാലും ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ആറു മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്‌സിജന്റെ അളവ് നേരത്തേയുള്ളതില്‍നിന്ന് മൂന്ന് ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഇ-സഞ്ജീവനി വഴിയും ചികിത്സ തേടാം.

അപായസൂചനകള്‍ തിരിച്ചറിയണം

ശ്വാസംമുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം തുടങ്ങിയവ അപായ സൂചകങ്ങളാണ്.

ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്പറുകളിലോ വിവരമറിയിക്കണം. ആംബുലന്‍സ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കേണ്ടതാണ്.

Content Highlights: home isolation guidelines kerala government