Representative Image| Photo: Canva.com
കോവിഡ് കേസുകൾ ലോകത്തെ പലഭാഗങ്ങളിലും കൂടിയും കുറഞ്ഞും വരുന്നുണ്ട്. കൃത്യമായി വാക്സിൻ സ്വീകരിച്ചതും വ്യക്തിശുചിത്വവും സാമൂഹിക അകലവുമൊക്കെയാണ് രോഗത്തെ പ്രതിരോധിക്കാൻ സഹായകമായത്. ഇപ്പോഴിതാ അമേരിക്കയിൽ മറ്റൊരു റെസ്പിറേറ്ററി(ശ്വസനേന്ദ്രിയങ്ങൾ) വൈറസ് വ്യാപകമാവുകയാണ്. എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് ആണത്.
രാജ്യത്തുടനീളം എച്ച്.എം.പി.വി. കേസുകൾ വർധിക്കുകയാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകി. മാർച്ച് പകുതിയിൽ മാത്രം ശേഖരിച്ച് സാമ്പിളുകളിൽ പതിനൊന്ന് ശതമാനം പോസിറ്റീവ് ആയിട്ടുണ്ടെന്നും മഹാമാരിക്കു മുമ്പുള്ള കാലത്തേക്കാൾ 36 ശതമാനം അധികമാണ് ഇതെന്നും സി.ഡി.സി പറയുന്നു.
വൈറസ് ബാധിച്ചവയിൽ ഏറെപേരും രോഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യപ്പെടുന്നില്ലെന്നും ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നു. വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് വെല്ലുവിളി.
എന്താണ് എച്ച്.എം.പി.വി.?
ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമാർന്നവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. ന്യൂമോവിരിഡേ(Pneumoviridae) ഗണത്തിൽ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്.
ലക്ഷണങ്ങൾ
പനി, ജലദോഷം, ചുമ, മൂക്കടപ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത്. രണ്ടു മുതൽ അഞ്ചുദിവസത്തോളം നീണ്ടു നിൽക്കുന്ന ലക്ഷണങ്ങൾ തനിയെ മാറുകയാണ് പതിവ്. ചിലരിൽ സങ്കീർണമായി ബ്രോങ്കിയോലൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യുമോിയ തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് പോവുകയും ചെയ്യും. അത്തരം ഘട്ടങ്ങളിൽ വിദഗ്ധ ചികിത്സ അനിവാര്യമാണ്.
പകർച്ചാരീതി
മറ്റുള്ള റെസ്പിറേറ്ററി വൈറസുകൾക്ക് സമാനമായി അടുത്ത സമ്പർക്കത്തിലൂടെയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെയും രോഗബാധയുള്ളവർ ഇടപെട്ട പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയുമൊക്കെ രോഗം പകരാം.
കൃത്യമായ ചികിത്സാ സംവിധാനം ഇല്ലാത്തതിനാൽ തന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ.
ചികിത്സ
പനി, വേദന തുടങ്ങി അതാത് രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള മരുന്നുകളാണ് നൽകുക. ശ്വാസതടസ്സം കൂടുന്ന ഘട്ടങ്ങളിൽ ഇൻഹേലർ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവ നൽകാറുണ്ട്.
Content Highlights: HMPV All You Need To Know About The Virus That's Spreading In US
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..