കോഴിക്കോട്: എച്ച്.ഐ.വി. പോസിറ്റീവായ ഗര്‍ഭിണിയില്‍നിന്ന് കുഞ്ഞിലേക്ക് അണുബാധയുണ്ടാവുന്ന കേസുകള്‍ കോഴിക്കോട് ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നേരത്തേ പരിശോധനകളില്‍നിന്ന് വിവരം വെളിപ്പെട്ടാല്‍ ചികിത്സിച്ച് കുഞ്ഞിനെ രോഗവിമുക്തമാക്കാവുന്ന സ്ഥിതിയാണിതെങ്കിലും പലപ്പോഴും ഇത് സാധിക്കാറില്ല.

കോഴിക്കോട് ജില്ലയില്‍ ഈ സ്ഥിതി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ അത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക തീവ്രയത്‌നപരിപാടി ആരംഭിച്ചിട്ടുണ്ട്.

ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ത്രീരോഗവിദഗ്ധര്‍ക്കും ഈ മാസംതന്നെ ഈ വിഷയത്തില്‍ ഒരുമാസം നീളുന്ന വിദഗ്ധ പരിശീലനം നല്കും. ഇവര്‍ ജില്ലയിലെ മറ്റു ഡോക്ടര്‍മാര്‍ക്കും ചികിത്സാ സ്ഥാപനങ്ങള്‍ക്കും ബ്ലഡ്ബാങ്കുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും ബോധവത്കരണ ക്ലാസുകളും നല്‍കും.

ഗര്‍ഭാവസ്ഥയുടെ ആദ്യമാസങ്ങളില്‍ത്തന്നെ എച്ച്.ഐ.വി. പരിശോധന നടത്താത്തതാണ് പ്രശ്നം ഗൗരവതരമാക്കുന്നത്. ഈയടുത്തുതന്നെ രണ്ടുകേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞവര്‍ഷം 14 കേസുകള്‍ റിപ്പോര്‍ട്ടായി. നേരത്തേ അറിഞ്ഞ് ആന്റി റിട്രോ വൈറല്‍ ചികിത്സ നടത്തിയാല്‍ കുഞ്ഞിനെ രക്ഷിക്കാം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആന്റി റിട്രോ വൈറല്‍ ചികിത്സ സാധ്യമാവുന്ന എ.ആര്‍.ടി. സെന്ററുണ്ട്. ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

എച്ച്.ഐ.വി. വാഹകരായിട്ടും ആ സ്ഥിതി അറിയാതെ ജീവിക്കുന്നവരെക്കൂടി എച്ച്.ഐ.വി. പരിശോധനയ്ക്ക് വിധേയരാക്കി ഗുണ നിലവാരമുള്ള ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ജ്യോതിസ് സെന്ററില്‍ കൗണ്‍സലിങ്ങും തുടര്‍ചികിത്സയും നല്‍കും. അണുബാധിതരില്‍ 75.2 ശതമാനം പേര്‍ക്കുമാത്രമേ തങ്ങള്‍ എച്ച്.ഐ.വി. ബാധിതരാണെന്ന് അറിയൂ. ഇതില്‍ 79 ശതമാനം പേര്‍ മാത്രമേ എ.ആര്‍.വി. ചികിത്സ എടുക്കുന്നുള്ളൂ.

സ്വയംപരിശോധന, സാമൂഹികാധിഷ്ഠിത പരിശോധന, വിവിധ വ്യാധി (മള്‍ട്ടിപ്പിള്‍ ഡിസീസ്) പരിശോധന എന്നിവയിലൂടെ രോഗവാഹകരെ കൂടുതലായി കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. എച്ച്.ഐ.വി. ബാധിതരുടെ എണ്ണത്തില്‍ ജില്ലയ്ക്ക് കേരളത്തില്‍ മൂന്നാംസ്ഥാനമാണ്. തിരുവനന്തപുരത്തിനും തൃശ്ശൂരിനും തൊട്ടുപിന്നില്‍. 4741 പേരാണ് ജില്ലയില്‍ എച്ച്.ഐ.വി. അണുബാധ സ്ഥിരീകരിക്കപ്പെട്ടവര്‍.

എച്ച്.ഐ.വി. രക്തദാനത്തിലൂടെ പകരുന്നതായും ആരോഗ്യവിദഗ്ധരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് തടയിടാന്‍ സുരക്ഷിത രക്തം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. സെന്‍ട്രല്‍ ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം എല്ലാ രക്തബാങ്കുകളിലും എലീസ പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നുണ്ട്. ഇതിനെക്കാള്‍ നൂതനവും സാങ്കേതിക മികവുള്ളതുമായ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (എന്‍.എ.ടി.) പരിശോധനയുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമേ ഇപ്പോള്‍ ഈ പരിശോധനയുള്ളൂ. കോഴിക്കോട്ട് നടപ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

Content Highlight: HIV Transmission from mother to baby