Photo: AFP
ന്യൂഡല്‍ഹി: ഹരിയാണ-ഡല്‍ഹി അതിര്‍ത്തിയില്‍ ഫരീദാബാദിലുള്ള രാജ്യത്തെ ഏറ്റവുംവലിയ സിറിഞ്ച്, സൂചി കമ്പനി മലിനീകരണ നിയന്ത്രണബോര്‍ഡ് പൂട്ടിച്ചു.
ഇത് കോവിഡ് പ്രതിരോധകുത്തിവെപ്പ് അടക്കം രാജ്യത്തെ ആരോഗ്യമേഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഡല്‍ഹിയില്‍ മലിനീകരണം വര്‍ധിക്കുന്നതിനെത്തുടര്‍ന്നാണ് അയല്‍സംസ്ഥാനങ്ങളിലെ മലിനീകരണത്തിന് കാരണമാകുന്ന ഹിന്ദുസ്ഥാന്‍ സിറിഞ്ചസ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ലിമിറ്റഡ് അടക്കമുള്ള ഫാക്ടറികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടപ്പിച്ചത്.
പ്രതിദിനം 1.5 കോടി സൂചിയും 80 ലക്ഷം സിറിഞ്ചും ഈ കമ്പനിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കമ്പനിയുടെ കീഴില്‍ 229 ഫാക്ടറികളുണ്ട്. രാജ്യത്താകെയുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ 66 ശതമാനം സൂചിയും സിറിഞ്ചും ഇവിടെനിന്നാണ് വിതരണം ചെയ്യുന്നത്.
നിലവില്‍ കമ്പനിയില്‍ രണ്ടുദിവസത്തേക്കുകൂടിയുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്ന് എച്ച്.എം.ഡി. മാനേജിങ് ഡയറക്ടര്‍ രാജീവ് നാഥ് അറിയിച്ചു. രാജ്യത്ത് സിറിഞ്ച് ക്ഷാമമുള്ളതിനാല്‍ കയറ്റുമതിപോലും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. പ്രകൃതിവാതകം ഉപയോഗിച്ചാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഏതാനും ചില യൂണിറ്റില്മാത്രമാണ് ഡീസല്‍ ഉപയോഗിക്കുന്നത്.
യൂണിറ്റ് പൂട്ടുന്നത് സിറിഞ്ച് ക്ഷാമമുണ്ടാക്കുന്നതിന് പുറമേ വിലവര്‍ധനയ്ക്കും കാരണമാകുമെന്നും രാജീവ്നാഥ് പറയുന്നു.
അസോസിയേഷന് ഒഫ് ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രീസ് ഫോറം കോ-ഓഡിനേറ്റര്‍കൂടിയായ രാജീവ് നാഥ് ഫാക്ടറി തുറക്കാന്‍ അടിയന്തര അനുമതിതേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
Content Highlights: Hindustan Syringes and Medical Devices shuts plant due to pollution; triggers shortage alarm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..