Representative Image| Photo: ANI
ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് കാരണക്കാരനായ ബി.എഫ്.7എന്ന പുതിയ വകഭേദത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദ്രുതഗതിയിൽ പടരാൻ ശേഷിയുള്ള ബി.എഫ്.7 ആശങ്കപ്പെടുത്തുന്ന വകഭേദമാണ് എന്ന് വിദഗ്ധരും പറയുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ അതിനേയും കടത്തിവെട്ടുന്ന മറ്റൊരു വകഭേദമാണ് വാർത്തകളിൽ നിറയുന്നത്. അമേരിക്കയിലെ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്ന XBB.1.5 വകഭേദമാണത്.
അമേരിക്കയിലെ കോവിഡ് കേസുകളിൽ 41 ശതമാനവും ഈ വകഭേദം മൂലമാണെന്നാണ് സി.ഡി.സി.പി.(Centers for Disease Control and Prevention) പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഓരോ ആഴ്ച്ചയിലും ഈ വകഭേദം മൂലമുള്ള രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി തവണ പരിവർത്തനം സംഭവിച്ചിട്ടുള്ള ഈ വകഭേദത്തെ കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരോഗ്യപ്രവർത്തകരും ഗവേഷകരും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിനുകളെയും ഒമിക്രോൺ ബൂസ്റ്ററിനെയും പോലും അതിജീവിക്കാൻ പ്രാപ്തമായവ ആണ് പുതിയ വകഭേദം എന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ ഓഗസ്റ്റ് ഒന്നിനാണ് XBB ആദ്യമായി റിപ്പോർട്ട് ചെയ്തത്. സിംഗപ്പൂരിലും ഈ വകഭേദം പടരുകയുണ്ടായി. തുടർന്ന് ഈ വകഭേദത്തിൽ നിന്ന് പരിവർത്തനം സംഭവിച്ചാണ് XBB.1-ഉം പിന്നീട് XBB.1.5- ഉം ഉണ്ടായത്. XBB പോലുള്ള വകഭേദങ്ങൾ കൂടിവരുന്നത് കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് പടരുന്നതിനും ഇടയാക്കുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ഈ മാസമാദ്യം നടത്തിയ പഠനത്തിൽ പറഞ്ഞു.
പ്രതിരോധശേഷി കുറഞ്ഞവർ കോവിഡിനെ പ്രതിരോധിക്കാനായി ആശ്രയിച്ച Evusheld എന്ന ആന്റിബോഡി കോക്ക്ടെയിലിനെ പോലും അതിജീവിക്കാൻ XBB ഉപവകഭേദങ്ങൾക്ക് ശേഷിയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. രോഗം വന്നുപോയതിൽ നിന്നും വാക്സിനേഷനിൽ നിന്നുമൊക്കെ ലഭിച്ച ആന്റിബോഡികളെ പ്രതിരോധിക്കാനുള്ള ശേഷി XBB ഉപവകഭേദങ്ങൾക്ക് ഉണ്ട് എന്നതാണ് ആശങ്കപ്പെടുത്തുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. അതിൽ തന്നെയും XBB.1.5 വകഭേദത്തെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് വൈറോളജിസ്റ്റായ എറിക് ഫീഗൽ ഡിങ് പറയുന്നു.
BQ1 വകഭേദത്തെ അപേക്ഷിച്ച് 108 ശതമാനത്തോളം വേഗത്തിൽ വ്യാപിക്കുന്ന വകഭേദമാണ് XBB.1.5 എന്നാണ് കണക്കുകൾ പറയുന്നത്. ഒക്ടോബറിൽ ന്യൂയോർക്കിൽ വ്യാപനം ആരംഭിച്ച ഈ വകഭേദം ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യകോശങ്ങളെ കടന്നാക്രമിക്കാൻ ശേഷിയുള്ള വകഭേദം എന്നതും രോഗം ബാധിച്ചവരിലേറെ പേരെയും ആശുപത്രിവാസത്തിലേക്ക് നയിക്കുന്നു എന്നതും ഈ വകഭേദത്തിന്റെ പ്രത്യേകതയാണ്.
XBB15 വകഭേദത്തെ മറ്റ് ഒമിക്രോൺ വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന 4 പ്രധാന ഘടകങ്ങൾ
- ഇന്നുവരെ കണ്ടതിൽ വച്ച് പ്രതിരോധശേഷിയെ തകർക്കുന്ന പ്രധാന വകഭേദങ്ങളിലൊന്ന്
- മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനും ആക്രമിക്കാനും ശേഷിയുള്ള വകഭേദം
- മുമ്പത്തെ XBB, BQ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷി
- രോഗവ്യാപനമുള്ളയിടങ്ങളിൽ ആശുപത്രിവാസങ്ങൾക്ക് ഇടയാക്കുന്നു
Content Highlights: highly immune evasive omicron XBB.1.5 variant is quickly becoming dominant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..