കോഴിക്കോട്: 'എനിക്ക് കോവിഡ് വന്നു. വീട്ടിലുള്ളവര്‍ക്കും രോഗമുണ്ട്. അപകടമാണോ. ഇനി എന്തുചെയ്യും''- കോവിഡിനിടയില്‍ കുഞ്ഞുമനസ്സുകളില്‍ ആശങ്കയേറുകയാണ്. എന്നാല്‍ അത്തരത്തിലുള്ള പേടി വേണ്ടെന്ന് ഓര്‍മിപ്പിച്ച് കുട്ടികളെ ചേര്‍ത്തുനിര്‍ത്തുകയാണ് ചൈല്‍ഡ്ലൈന്‍.

ഹലോ ചൈല്‍ഡ്ലൈന്‍ പദ്ധതിയിലൂടെ കുഞ്ഞുങ്ങള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതോടൊപ്പം അത്യാവശ്യസഹായങ്ങളും ലഭ്യമാകും. കുട്ടികളിലെ അരക്ഷിതാവസ്ഥ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ചൈല്‍ഡ്ലൈന്‍.

മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ പ്രയാസപ്പെടുന്ന കുട്ടികള്‍, രോഗബാധിതരായവര്‍, ലോക്ഡൗണിനെത്തുടര്‍ന്ന് മാനസിക പിരിമുറുക്കമുള്ള കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് വിളിക്കാം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്.

പ്രതിദിനം രണ്ടോമൂന്നോ വിളികളൊക്കെയാണ് ഇപ്പോള്‍ വരുന്നത്. വിളിക്കുന്ന കുട്ടികള്‍ വലിയ പ്രയാസത്തിലുള്ളവരാണ്. ''കഴിഞ്ഞ ദിവസം വിളിച്ച ഒരു കുട്ടിയുടെ വീട്ടുകാര്‍ക്കെല്ലാം അസുഖമായിരുന്നു. ആവശ്യമായ പോഷകാഹാരം പോലും കിട്ടുന്നില്ല. അത്തരത്തിലുള്ള പ്രയാസം പങ്കുവെക്കുന്നുണ്ട് കുട്ടികള്‍. വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തു''- ചൈല്‍ഡ്ലൈന്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടിനുള്ളിലാണ് കുട്ടികള്‍. അതിനിടയില്‍ രോഗം വീടുകളിലെത്തുമ്പോള്‍ പലരും മാനസികമായി തളര്‍ന്നുപോകുന്നു. പേടിയോടെ കൂട്ടുകാരെ വിളിച്ച് സങ്കടപ്പെടുന്ന അവസ്ഥയുണ്ട്. അത്തരത്തില്‍ ഒറ്റപ്പെട്ടുപോകുന്നുവെന്ന തോന്നലുള്ള കുട്ടികള്‍ക്ക് മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുകയാണ് ഇവര്‍. ''കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരാണ് അവരോട് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ആശ്വാസമാകും''- ചൈല്‍ഡ്ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അഫ്സല്‍ പറഞ്ഞു. ഫോണ്‍: 9447090077, 9207921098. ടോള്‍ഫ്രീ നമ്പര്‍: 1098.

Content Highlights: Hello Childline, programme for children covid mental help