കോഴിക്കോട്: അമിതമദ്യപാനം അർബുദത്തിനു കാരണമാകുന്നതായി പഠനറിപ്പോർട്ട്. ദി ലാൻസെറ്റ് ഓങ്കോളജി ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം അന്താരാഷ്ട്രതലത്തിൽ 7,41,300 പേർക്കാണ് അമിതമദ്യപാനം കാരണം അർബുദം പിടിപെട്ടത്. ഇത് മൊത്തം രോഗികളുടെ 4.1 ശതമാനം വരും. ഇവരിൽ 77 ശതമാനം (5,68,700) പുരുഷന്മാരാണ്.

കഴിഞ്ഞവർഷം ലോകത്താകെ 63 ലക്ഷം പേർക്കാണ് അർബുദം സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ പേർക്കും അന്നനാളം, കരൾ, കുടൽ, സ്തനാർബുദ രോഗമാണ് റിപ്പോർട്ടുചെയ്തത്. ഇന്ത്യയിൽ 62,100 പേർക്കാണ് അമിതമദ്യപാനം കാരണം രോഗം സ്ഥിരീകരിച്ചത്. ഇത് രാജ്യത്തെയാകെ അർബുദരോഗികളുടെ അഞ്ചുശതമാനം വരും.

ലോകരാജ്യങ്ങളിൽ അമിതമദ്യപാനം മൂലം അർബുദരോഗികളായവർ കൂടുതലും മംഗോളിയയിലാണ്. കുവൈത്തിൽ മദ്യപാനം മൂലമുള്ള രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

യൂറോപ്പ്, എഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ മദ്യ ഉപഭോഗം കൂടിവരുകയാണെന്നും പഠനം പറയുന്നു.

കോവിഡ് ഇതിന് പ്രധാന കാരണമായെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തൽ ആശങ്കയുളവാക്കുന്നതാണെന്ന് പഠനത്തിനു നേതൃത്വംകൊടുത്ത ഫ്രാൻസിലെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിലെ (ഐ.എ.ആർ.സി.) ഗവേഷക ഹാരിയറ്റ് റംഗെ പറഞ്ഞു.

അമിത മദ്യപാനംമൂലം അർബുദ രോഗികളായവർ (ശതമാനക്കണക്കിൽ)

മംഗോളിയ- 10, ചൈന- 6, ഫ്രാൻസ്- 5, ഇന്ത്യ- 5, ജർമനി- 4, യു.കെ.- 4, ബ്രസീൽ -4, യു.എസ്.- 3, കുവൈത്ത്- 0

അർബുദ സാധ്യത കൂട്ടും

"അമിതമദ്യപാനം അർബുദം വരാനുള്ള ഒട്ടേറെ കാരണങ്ങളിൽ ഒന്നാണ്. അമിതമായി മദ്യപിക്കുന്ന ഒരാൾക്ക് വൻകുടൽ, കരൾ, തുടങ്ങിയ അവയവങ്ങളിൽ പെട്ടെന്ന് അർബുദം ബാധിച്ചേക്കാം. ആഹാര, ജീവിതശൈലീ അർബുദരോഗങ്ങളുടെ ഭാഗംതന്നെയാണ് അമിത മദ്യപാനവും."

ഡോ. കെ.വി. ഗംഗാധരൻ, സീനിയർ കൺസൾട്ടന്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, ആസ്റ്റർ മിംസ്, കോഴിക്കോട്

Content Highlights: Heavy drinking can cause cancer Study says, Cancer, Health