വാഷിങ്ടൺ: ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വിജയകരമായി വെച്ചുപിടിപ്പിച്ചു. യു.എസിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടത്തിനുപിന്നിൽ. മേരിലാൻഡിലുള്ള 57-കാരൻ ഡേവിഡ് ബെന്നെറ്റാണ് ജനിതകമാറ്റം വരുത്തിയ പന്നിഹൃദയം സ്വീകരിച്ചത്.

1984-ൽ ബേബി ഫെ എന്ന നവജാതശിശു ബബൂൺ കുരങ്ങിന്റെ ഹൃദയം സ്വീകരിച്ചതാണ് ഇതിനുമുമ്പ് നടന്ന സമാന അവയവമാറ്റം. 21 ദിവസത്തിനുശേഷം ആ കുഞ്ഞ് മരിച്ചു.

വെള്ളിയാഴ്ച ബാൾട്ടിമോറിലെ ആശുപത്രിയിലായിരുന്നു ഏഴുമണിക്കൂർ നീണ്ട ശസ്ത്രക്രിയ. മൂന്നുദിവസമായി ബെന്നെറ്റിന്റെ ആരോഗ്യനില തൃപ്തികരമാണ്. തിങ്കളാഴ്ച അദ്ദേഹം സ്വന്തമായി ശ്വസിച്ചു. പന്നിയുടെ ജനിതകമാറ്റം വരുത്തിയ ഹൃദയം മനുഷ്യശരീരം പെട്ടെന്ന് തിരസ്കരിക്കില്ലെന്നത് പരീക്ഷണത്തിന്റെ പ്രാഥമിക വിജയമാണ്. എന്നാൽ, ജീവരക്ഷയ്ക്ക് ഇത് എത്രത്തോളം സഹായകമാകുമെന്ന് പറയാറായിട്ടില്ല. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിസിൻ സെന്ററിലെ ഡോ. ബാർട്ട്‌ലി പി. ഗ്രിഫിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

Content highlights: heart transplatation, pig heart transplanted to human, organ transpaltion