.jpg?$p=f2f6119&f=16x10&w=856&q=0.8)
Representative Image | Photo: Gettyimages.in
തിരുവനന്തപുരം: ഹൃദയത്തിൽ കത്രികകൊണ്ടുള്ള മുറിവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗിക്ക് നടത്തിയ അടിയന്തര സങ്കീർണ ശസ്ത്രക്രിയ വിജയം.
കൊല്ലം പെരുമ്പുഴ കോട്ടൂർ ക്ഷേത്രത്തിനുസമീപം ഷീജാ ഭവനിൽ ഷിബുവി(44)നെയാണ് സുഹൃത്ത് നെഞ്ചിൽ കത്രികകൊണ്ടു കുത്തിയത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബുവിനു നടത്തിയ സി.ടി. സ്കാൻ പരിശോധനയിൽ ഹൃദയത്തിനു പരിക്കേറ്റതായി കണ്ടെത്തി.
ഹൃദയത്തിനു ചുറ്റും രക്തം കെട്ടിക്കിടക്കുന്നതായി വ്യക്തമായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വെളുപ്പിന് രണ്ടരയോടെ സർജറി വിഭാഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ.നിസാറുദീന്റെ യൂണിറ്റിലെത്തിച്ച രോഗിയെ പ്രാഥമിക ചികിത്സകൾക്കു ശേഷം ഓപ്പൺ ഹാർട്ട് തിയേറ്ററിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.ഡി.രവികുമാറിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. അരവിന്ദ് രാമൻ, ഡോ. വിനീത നായർ, ഡോ. കിഷോർ ലാൽ, ഡോ. മഹേഷ്, ഡോ. രാംകുമാർ എന്നിവർ പങ്കെടുത്തു. കാർഡിയാക് സർജറി ഐ.സി.യു.വിലേക്ക് മാറ്റിയ ഷിബു വെന്റിലേറ്ററിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..