കോഴിക്കോട്: പന്തീരങ്കാവ് സ്വദേശി വിവേകാനന്ദന്റെ ഹൃദയം മലപ്പുറം പങ്ങ് സ്വദേശി തസ്നീമിന് ദാനം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കിൽനിന്ന് ഇറങ്ങുന്നതിനിടെ തെന്നീവീണ് മസ്തിഷ്ക മരണം സംഭവിച്ച പന്തീരങ്കാവ് കൂടത്തുംപാറ സ്വദേശി വിവേകാനന്ദൻ ചുള്ളിയോട്ടി(58)ന്റെ ഹൃദയമാണ് ദാനം ചെയ്തത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്ന് ഹൃദയവുമായി തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെയാണ് പാലാഴി മെട്രോ ആശുപത്രിയിലേക്ക് ഡോക്ടറടക്കമുള്ള സംഘം പുറപ്പെട്ടത്.

നാട്ടിലെ എല്ലാ ചടങ്ങുകളിലും, അത് കല്യാണമായാലും മരണമായാലും മുഖ്യകാർമികനായി മുന്നിലുണ്ടാകുന്ന മുഖമാണ് വിവേകാനന്ദനെന്ന് നാട്ടുകാർ ഓർമിക്കുന്നു. കളരിഗുരിക്കൾ, കോൽക്കളി ആശാൻ, പാരമ്പര്യ വൈദ്യർ തുടങ്ങിയ മേഖലയിൽ തന്റേതായ മുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്.

മെട്രോ ആശുപത്രിയിലെ ഡോ. നന്ദകുമാർ, ഡോ. കെ. ജലീൽ, ഡോ. അശോക് കുമാർ, ഡോ. റിയാദ്, ഡോ. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് അവയവദാന മാറ്റിവെക്കലിന് നേതൃത്വം നൽകിയത്. മെട്രോ എമർജെൻസി നഴ്സ് ജിതിൻ ജോർജ് സംഘത്തിനൊപ്പമുണ്ടായിരുന്നു. കണ്ണുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ദാനം ചെയ്തിട്ടുണ്ട്. ശാലീനയാണ് വിവേകാനന്ദന്റെ ഭാര്യ. മക്കൾ: അഖിൽ (വോൾവോ ടെക്നിഷൻ, ബംഗളൂരു), അമൃതേഷ്.

Content highlights: heart of vivekanandan donate to malappuram native, Organ donation