വീണാ ജോർജ്
തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ വൈകിവരുന്നു എന്ന മാതൃഭൂമി ന്യൂസ് വാർത്തയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഇടപെടൽ. പത്തനംതിട്ട ഡിഎംഒയോട് ഇക്കാര്യം പരിശോധിക്കാൻ നിർദേശം നൽകി. കൃത്യസമയത്ത് ഒ.പി തുടങ്ങണമെന്നും ഒരിടത്തും ഒ.പി അകാരണമായി വൈകാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒ.പി സമയം ആശുപത്രിയിൽ എട്ടുമണിക്ക് എത്തുന്നതിന് പകരം ഒമ്പതരയ്ക്ക് തുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. ദൂരസ്ഥലങ്ങളിൽ നിന്ന് ആളുകൾ ടോക്കൺ എടുത്ത് കാത്തിരിക്കുന്ന സാഹചര്യത്തിൽ ഒ.പി കൃത്യസമയത്തു തന്നെ നടക്കണം. അതിൽ മാറ്റമുണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
ഇൻപേഷ്യന്റിനെ കാണുക തുടങ്ങി ഡ്യൂട്ടി സംബന്ധമായ കാര്യങ്ങളിൽ ആശുപത്രിയിൽ തന്നെെ മറ്റുസ്ഥലങ്ങളിൽ ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷേ ഒ.പി സമയം എട്ടുമണിക്ക് പകരം ഒമ്പതരയ്ക്ക് തുടങ്ങുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. അതിൽ കർശനനിലപാടാണ് സർക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒന്നരമണിക്കൂർ വൈകി ഡോക്ടർമാർ ഒ.പിയിൽ എത്തുന്നതിനെ സംബന്ധിച്ചായിരുന്നു വാർത്ത. ഏറെനേരത്തെ ക്യൂ നിന്നതിനു ശേഷമാണ് രോഗികൾക്ക് ടോക്കൺ ലഭിക്കുന്നത്. ശേഷം ഡോക്ടർക്കായുള്ള കാത്തിരിപ്പിനെക്കുറിച്ചായിരുന്നു വാർത്ത പുറത്തുവന്നത്. ശസ്ത്രക്രിയ, കിടത്തിച്ചികിത്സയുള്ള രോഗികളെ സന്ദർശിക്കൽ തുടങ്ങിയവ കാരണമാണ് ഒ.പിയിൽ വൈകിയെത്തുന്നത് എന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. എന്നാൽ ഡോക്ടർമാരെത്തി എട്ടുമണിക്കു തന്നെ ഒ.പി പ്രവർത്തനം തുടങ്ങണമെന്നാണ് നിർദേശമെന്നും ഐ.പി വാർഡിൽ രോഗികളെ കാണുന്നുണ്ടെങ്കിൽ ഒ.പിയിൽ പകരം സൗകര്യം ഒരുക്കണം എന്നാണ് വ്യവസ്ഥ എന്നും ഡി.എം.ഒ ഡോ.എൽ.അനന്തകുമാരി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..