കൊച്ചി: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളെ ഹൈടെക് ആക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

എറണാകുളം മെഡിക്കല്‍ കോളേജില്‍ എം.ആര്‍.ഐ. സ്‌കാനിങ്, വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. 'നിപ പ്രതിരോധം - അനുഭവങ്ങള്‍ പങ്കിടല്‍' എന്ന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി, ചികിത്സിച്ച് പരിഹരിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ഇതിനായാണ് 'പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുക' എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

ആരോഗ്യ മേഖലയ്ക്കായി ജി.ഡി.പി.യുടെ 1.1 ശതമാനം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നതാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം.

വികസിത രാജ്യങ്ങള്‍ ജി.ഡി.പി.യുടെ 15 ശതമാനം വരെ ആരോഗ്യ മേഖലയ്ക്കായാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്ത 'നിപ'യെ പ്രതിരോധിക്കാന്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു.

െഎസൊലേഷന്‍ വാര്‍ഡ് ഒരുക്കുന്നതിലടക്കം അഭിമാനകരമായ പ്രവര്‍ത്തനമാണ് ഓരോരുത്തരും നടത്തിയതെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റുഖിയ ജമാല്‍ ചടങ്ങില്‍ അധ്യക്ഷയായിരുന്നു.

ഡയാലിസിസ് സെന്റര്‍ നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കിയ പൊതുമേഖലാ സ്ഥാപനമായ 'പവര്‍ഗ്രിഡ്' ചീഫ് ജനറല്‍ മാനേജര്‍ എ.പി. ഗംഗാധരന്‍, ഗ്രേസ് മാത്യു, നാല് ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതില്‍ പങ്കാളികളായ 'കിറ്റ്കോ'യുടെ പ്രതിനിധി ബെന്നി പോള്‍, നിപ സമയത്ത് ഐസൊലേഷന്‍ വാര്‍ഡിലേക്ക് എയര്‍ കണ്ടീഷണറുകള്‍ നല്‍കിയ കെ. എസ്.എഫ്.ഇ.യുടെ ജനറല്‍ മാനേജര്‍ എന്‍.എസ്. ലിലി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ നിപ അനുഭവം പങ്കുവെച്ചു.

ജില്ലാ കളക്ടര്‍ എസ്. സുഹാസ്, പ്രിന്‍സിപ്പല്‍ ഡോ. വി.കെ. ശ്രീകല, അഡീഷണല്‍ ഡി.എം.ഒ. ഡോ. എസ്. ശ്രീദേവി, പവര്‍ഗ്രിഡ് ഇ.ഡി. എസ്. രവി, ഡോ. മാത്യൂസ് നമ്പേലി, ഡോ. ഗണേഷ് മോഹന്‍, ഡോ. ഗീത നായര്‍, ഡോ. എന്‍.എ. ഷീജ, ഡോ. സിസി തങ്കച്ചന്‍, ഡോ. പീറ്റര്‍ പി. വാഴയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: health minister kk shailaja teacher in government hospitals