ആലപ്പുഴ: ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(എച്ച്.എം.ഐ.എസ്.) സംസ്ഥാനത്ത് നിലവില്‍വന്നിട്ടും ആരോഗ്യവിവരങ്ങള്‍ പൂര്‍ണമായും ആരോഗ്യവകുപ്പിനെ അറിയിക്കുന്നതില്‍ ആശുപത്രികള്‍ക്കു വീഴ്ച.

സംസ്ഥാനത്ത് ശരാശരി 87.30 ശതമാനം ആശുപത്രികള്‍ മാത്രമാണു വിവരങ്ങള്‍ കൈമാറുന്നതെന്നു ദേശീയ ആരോഗ്യദൗത്യം(എന്‍.എച്ച്.എം.) റിപ്പോര്‍ട്ട് ചെയ്യുന്നു. 12.7 ശതമാനം ആശുപത്രികള്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ ഗുരുതരവീഴ്ചയാണു വരുത്തുന്നത്.

ആശുപത്രികളില്‍ ദിവസേന ഒ.പി.യിലെത്തുന്ന രോഗികള്‍, കിടത്തിച്ചികിത്സയ്ക്കു നിര്‍ദേശിക്കപ്പെട്ടവര്‍, പകര്‍ച്ചവ്യാധി പിടിപെട്ടവര്‍, ഒരാഴ്ചയിലധികമായി പനിയുള്ളവര്‍ തുടങ്ങിയവരുടെ വിവരങ്ങളാണു കൈമാറേണ്ടത്.

ഇതുകൂടാതെ എല്ലാമാസവും ആശുപത്രിയിലെ മുഴുവന്‍പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും കൈമാറണം. 2008-ലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം എച്ച്.എം.ഐ.എസിന് രൂപംനല്‍കിയത്. ഓരോ ആശുപത്രികളും വിവരങ്ങള്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കില്‍ മാത്രമേ പ്രതിരോധപ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളും കൃത്യമായി ആസൂത്രണം ചെയ്യാനാകൂ. മാതൃ- ശിശുസംരക്ഷണ പദ്ധതികള്‍, പ്രതിരോധ കുത്തിവെപ്പ്, കുടുംബാസൂത്രണം, ക്ഷയരോഗം, രോഗാണുവാഹകര്‍, രോഗാവസ്ഥ, മരണനിരക്ക് തുടങ്ങിവയെല്ലാം എല്ലാമാസവും എച്ച്.എം.ഐ.എസ്. വഴി കേന്ദ്ര ആരോഗ്യമന്ത്രാലയത്തെയും അറിയിക്കേണ്ടതാണ്. ഇത്തരം വിവരക്കൈമാറ്റം കൃത്യമായില്ലെങ്കില്‍ കേന്ദ്രപദ്ധതി വിഹിതംപോലും കുറയാനിടയുണ്ട്.

വിവരക്കൈമാറ്റത്തില്‍ സംസ്ഥാനത്തെ ഏഴുജില്ലകള്‍ 90 ശതമാനത്തില്‍ താഴെയാണ്. മലപ്പുറം, കൊല്ലം ജില്ലകളാണ് ഏറെ പിന്നില്‍.

മലപ്പുറത്തുനിന്ന് 66.03 ശതമാനവും കൊല്ലത്തുനിന്ന് 69.43 ശതമാനവും ആശുപത്രികള്‍ മാത്രമാണ് ആരോഗ്യവകുപ്പിനു വിവരങ്ങള്‍ കൈമാറുന്നത്. കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള വിവരക്കൈമാറ്റാം 85-നും 90 ശതമാനത്തിനും ഇടയിലാണ്.

വിവരക്കൈമാറ്റത്തില്‍ മുന്നില്‍നില്‍ക്കുന്നത് എറണാകുളം ജില്ലയാണ്. 98.02 ശതമാനം. ആലപ്പുഴ- 97.69, വയനാട്- 97.56, കോട്ടയം- 97.25, ഇടുക്കി- 92.42, പത്തനംതിട്ട- 91.96, കണ്ണൂര്‍- 91.73 എന്നിങ്ങനെയാണു മറ്റുജില്ലകളില്‍നിന്നുള്ള കണക്ക്.

Content Highlights: Failure of hospitals to communicate health information, Health Management Information Systems