തൃശ്ശൂർ: കോവിഡ് ചികിത്സയ്ക്കുള്ള പ്ലാസ്മ തെറാപ്പിയിൽനിന്ന് ആരോഗ്യവകുപ്പ് ക്രമേണ പിന്മാറുന്നു. പ്ലാസ്മ തെറാപ്പി കോവിഡ് രോഗികളുടെ മരണനിരക്ക് കുറയ്ക്കുന്നതിലും രോഗം ഭേദമാക്കുന്നതിലും ഫലപ്രദമാണോ എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) നടത്തിയ പഠനത്തിൽ തെളിയിക്കാനായിട്ടില്ല എന്നതാണ് പിന്മാറ്റത്തിന് കാരണം.

ഒരു ചികിത്സാരീതി എന്ന നിലയിൽ പ്ലാസ്മതെറാപ്പി സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ചത് തൃശ്ശൂർ മെഡിക്കൽ കോളേജിലായിരുന്നു. ഇവിടെ മാത്രം നൂറിലേറെ രോഗികളിൽ പ്ലാസ്മ തെറാപ്പി നടത്തി. എന്നാൽ ഇവരിൽ രോഗം ഭേദമായത് പ്ലാസ്മതെറാപ്പി കൊണ്ടാണെന്ന് ഉറപ്പിക്കാൻ കഴിയില്ല എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ ഇപ്പോൾ പറയുന്നത്.

ന്യൂഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കോവിഡ് ചികിത്സയിൽ പ്ലാസ്മതെറാപ്പിക്ക് വൻ പ്രോത്സാഹനമായിരുന്നു നൽകിയിരുന്നത്. കേരളത്തിലും ഒരുഘട്ടത്തിൽ ആരോഗ്യവകുപ്പ് പ്ലാസ്മതെറാപ്പിക്ക് മികച്ച് പ്രചാരമാണ് നൽകിയിരുന്നത്. അതിതീവ്രരോഗാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ആശ്വാസത്തിന് ഒരു അറ്റകൈ പ്രയോഗമെന്ന നിലയിലാണ് പ്ളാസ്മതെറാപ്പി നൽകുന്നതെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് പറഞ്ഞു.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ ചികിത്സാ പ്രോട്ടോകോളിൽ 'ഓഫ് ലേബൽ' ചികിത്സാരീതിയിലാണ് പ്ലാസ്മതെറാപ്പി ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ തലത്തിലുള്ള കോവിഡ് ചികിത്സാ പ്രോട്ടോകോളിൽനിന്ന് ഇപ്പോഴും പ്ലാസ്മ തെറാപ്പി നീക്കിയിട്ടില്ല.

ഇപ്പോൾ സ്ഥാപനത്തിലെ മെഡിക്കൽ ബോർഡ് ചേർന്നെടുക്കുന്ന തീരുമാനം സംസ്ഥാനമെഡിക്കൽ ബോർഡിനയച്ച് അനുമതി വാങ്ങിയിട്ട് മാത്രമേ രോഗികൾക്ക് പ്ലാസ്മ തെറാപ്പി നൽകാറുള്ളൂ എന്ന് ഡോ. എം.എ. ആൻഡ്രൂസ് കൂട്ടിച്ചേർത്തു.

Content Highlights:Health department is withdrawing from plasma therapy for Covid19 treatment,Covid19, Corona Virus