തിരുവനന്തപുരം: വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

വയനാട്ടിൽ സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകി.

•എന്താണ് നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

•രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യരോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.

രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദിൽ വഴിയും വൈറസ് പടരാം. വളരെപ്പെട്ടെന്ന് പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഛർദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

കടൽ മത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവയും നന്നായി പാകംചെയ്തതിനുശേഷംമാത്രം കഴിക്കുക. വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിൽ വിശ്രമിക്കണം. ഒ.ആർ.എസ്. ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗംമാറി രണ്ടുദിവസംവരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ടുദിവസം കഴിഞ്ഞുമാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ

.Content highlights: health department give vigilence order againt noro virus