കൊച്ചി: പനിയും ചുമയും വരുമ്പോള്‍, കാലാവസ്ഥാ മാറ്റം മൂലമാണെന്ന് സ്വയം ഉറപ്പിച്ച് വീട്ടുചികിത്സ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് ലക്ഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറാകാത്ത സാഹചര്യവും വ്യാപകമാകുന്നുണ്ട്.

കോവിഡ് പരിശോധിക്കാതെ പനി കുറയാനുള്ള മരുന്നും വീട്ടുചികിത്സയുമായി ഏഴ് ദിവസം വീട്ടില്‍ കഴിയുകയാണ് ഇക്കൂട്ടര്‍. കൂടുതല്‍ ദിവസം ക്വാറന്റീനില്‍ ഇരിക്കാനും ആശുപത്രിയില്‍ പോയി പരിശോധിക്കാനും തയ്യാറല്ലാത്തവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഇത് കോവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിക്കും. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ പുറത്തിറങ്ങുന്നതിന് ഇത് അവസരമൊരുക്കും. ഇത് രോഗ വ്യാപനത്തിനും കാരണമാകും.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയാല്‍ ഫലമെത്താന്‍ താമസിക്കുന്നതും സ്വകാര്യ സ്ഥാപനങ്ങളില്‍ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് പരിശോധന നടത്താന്‍ തയ്യാറല്ലാത്തവരും ഒന്നും നോക്കാതെ വീട്ടിലിരിപ്പാണ് ഇപ്പോള്‍. ഇത് കോവിഡനന്തര ചികിത്സയെയും ബാധിക്കും. കോവിഡ് സങ്കീര്‍ണതകളുണ്ടായാല്‍ ചികിത്സ വൈകാനും കാരണമാകുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

കോവിഡ് കുറഞ്ഞെങ്കിലും ജാഗ്രത തുടര്‍ന്നാലേ രോഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പലരും സ്ട്രിപ്പുകള്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് അറിഞ്ഞാല്‍ അധികൃതരെ അറിയിക്കാതെ ചികിത്സകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. സ്ട്രിപ്പുകള്‍ വിപണിയില്‍ കിട്ടുമെങ്കിലും ഇവ ഉപയോഗിച്ചതിനു ശേഷം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Content Highlights: Health authorities  warns 'Do not self-medicate for fever without Covid19  testing'