കൊച്ചി: ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍ക്കാന്‍ ലൈസന്‍സ് വേണമെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ ഉത്തരവ് വന്നതോടെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസുകളില്‍ വന്‍തിരക്ക്. മരുന്നുവില്‍പ്പനശാലകളിലൊഴികെ മറ്റുള്ള സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സ് ബാധകം.

കോവിഡ് വന്നശേഷം ചെറുകടകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍വരെയുള്ള സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. ഇതിനിടയിലാണ് ലൈസന്‍സ് വേണമെന്ന ഉത്തരവ് വരുന്നത്.

മെഡിക്കല്‍ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് 20-എ ലൈസന്‍സാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ഏര്‍പ്പെടുത്തിയത്. 500 രൂപയാണ് ഫീസ്. ലൈസന്‍സുണ്ടെങ്കിലേ വില്‍പ്പന നടക്കൂ എന്നായതോടെ വ്യാപാരികള്‍ സാമൂഹികഅകലംപോലും നോക്കാതെ ഓഫീസുകളിലേക്ക് ഇടിച്ചുകയറി.

സാനിറ്റൈസര്‍ സൂക്ഷിക്കാനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ടോയെന്ന് അതത് പ്രദേശത്ത് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഉറപ്പുവരുത്തിയശേഷമാണ് ലൈസന്‍സ് നല്‍കേണ്ടത്. എന്നാല്‍, ഇതിനുണ്ടാകുന്ന കാലതാമസത്തിനെതിരേയാണ് വ്യാപാരികള്‍ കടുത്ത എതിര്‍പ്പുയര്‍ത്തുന്നത്.

ക്ഷാമമുണ്ടാകില്ല
സാനിറ്റൈസറിന്റെ ക്ഷാമമുണ്ടാകില്ല. അപേക്ഷ വേഗംപരിഗണിച്ച് ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശം നല്‍കി. പരമാവധി നാലോ അഞ്ചോ ദിവസംകൊണ്ട് ലൈസന്‍സ് നല്‍കുന്നുണ്ട്.
- കെ.ജെ. ജോണ്‍ (ഡ്രഗ്‌സ് കണ്‍ട്രോളര്‍)

സമയപരിധി നല്‍കാമായിരുന്നു
അപ്രതീക്ഷിതമായി ലൈസന്‍സ് വേണമെന്നറിയിച്ചത് ചെറുകിടവ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയാണ്. സമയപരിധി നല്‍കണമായിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
- രാജു അപ്സര (ജനറല്‍സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

Content Highlights: Hand santisers need to get a licence from Drug Control Department rush in offices, Health