കോവിഡ് മഹാമാരി ലോകത്ത് പടർന്ന് ഒരു വർഷം പിന്നിട്ടിരിക്കുന്നു. കോവിഡിനെ ചെറുക്കാൻ വാക്സിനുകളും രംഗത്തെത്തിയിരിക്കുകയാണ്. എങ്കിലും കോവിഡ് ബാധിച്ച് ഭേദമായവരിലും ദീർഘകാല സങ്കീർണതകൾ കാണുന്നതായി റിപ്പോർട്ടുകളുണ്ട്. കടുത്ത ക്ഷീണം, പേശികൾക്ക് തളർച്ച, ഉറക്കത്തിലെ പ്രശ്നങ്ങൾ, ഉത്‌കണ്ഠ, വിഷാദം തുടങ്ങിയ സങ്കീർണതകളാണ് പൊതുവേ കാണുന്നത്.

എന്നാൽ ദീർഘകാല സങ്കീർണതകളിൽ മുടികൊഴിച്ചിലും കാണുന്നുവെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്.

കോവിഡ് ബാധിച്ച് പിന്നീട് ഭേദമായവരിൽ ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാലും ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇവയെയാണ് ദീർഘകാല സങ്കീർണതകൾ എന്ന് പറയുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ എക്സലൻസ് അഭിപ്രായപ്പെടുന്നത് കോവിഡിന്റെ ദീർഘകാല സങ്കീർണതകൾ 12 ആഴ്ചയിൽ കൂടുതൽ നിലനിൽക്കുന്നുണ്ടെന്നാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ അഭിപ്രായത്തിൽ അഞ്ചിലൊരു കൊറോണ രോഗികളും അഞ്ച് ആഴ്ചയോ അതിൽ കൂടുതലോ കാലം രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നാണ്. കോവിഡ് ഭേദമായി ആറുമാസത്തിന് ശേഷവും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അവരിൽ പലരിലും മുടികൊഴിച്ചിൽ വലിയ തോതിൽ കാണുന്നുണ്ടെന്നും അടുത്തിടെ പ്രസിദ്ധീകരിച്ച ലാൻസറ്റ് പഠനത്തിൽ പറയുന്നു.

മുടികൊഴിച്ചിൽ അഥവ അലോപേഷ്യ പല കാരണങ്ങൾ കൊണ്ടും ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള ആളുകളിൽ കാണാറുണ്ട്. ഇത് കൊറോണ വൈറസിന്റെ ലക്ഷണങ്ങളിലൊന്നായി കാണാമെന്നാണ് അടുത്തിടെ നടത്തിയ കണ്ടെത്തലിൽ പറയുന്നത്.

കോവിഡ് ഭേദമായവരിൽ കാൽഭാഗത്തോളം ആളുകളിൽ രോഗം ഭേദമായ ശേഷം മുടികൊഴിച്ചിൽ വലിയതോതിൽ ഉണ്ടായതായി ലാൻസറ്റ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചൈനയിലെ വുഹാനിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 1655 രോഗികളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ 359 പേർ(22 ശതമാനം) പേർ രോഗം ഭേദമായി ആശുപത്രി വിട്ട് ആറുമാസത്തിന് ശേഷം മുടികൊഴിച്ചിലുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുടികൊഴിച്ചിൽ പുരുഷൻമാരേക്കാൾ സ്ത്രീകളെയാണ് ബാധിച്ചത് എന്നും പഠനത്തിൽ കണ്ടെത്തി.

അതേസമയം, ദീർഘകാല സങ്കീർണതകളായ ഉറക്കമില്ലായ്മ 26 ശതമാനം ആളുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്‌കണ്ഠയും വിഷാദവും 23 ശതമാനം ആളുകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Content Highlights:Hair loss as one of the 5 reigning symptoms of long Covid19, Health, Covid19, Corona Virus