ജസ്റ്റിൻ ബീബറും ഹെയ്ലി ബീബറും
കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീബർ തന്റെ രോഗവിവരം പുറത്തുവിട്ടത്. പല സംഗീത പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നത് എന്താണെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമമിട്ടാണ് തനിക്ക് റാംസെ ഹണ്ട് സിൻഡ്രം എന്ന അസുഖമാണെന്ന വിവരം ബീബർ വ്യക്തമാക്കിയത്. രോഗംമൂലം മുഖത്തിന്റെ പാതിഭാഗം നിർജീവ അവസ്ഥയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയും ജസ്റ്റിൻ ബീബർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബീബറിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പങ്കുവെക്കുകയാണ് മോഡലും ഭാര്യയുമായ ഹെയ്ലി ബീബർ.
ഗുഡ് മോണിങ് അമേരിക്ക എന്ന പരിപാടിയിലൂടെയാണ് ഹെയ്ലി ബീബറുടെ ആരോഗ്യനിലയെക്കുറിച്ച് പങ്കുവെച്ചത്. നിലവിൽ ബീബർ സുഖമായി ഇരിക്കുന്നുവെന്നും ഓരോ ദിവസം കഴിയുംതോറും രോഗത്തെ അതിജീവിച്ചു വരികയാണെന്നും ഹെയ്ലി പറഞ്ഞു. മുമ്പത്തെ അപേക്ഷിച്ച് ബീബർ ഏറെ സുഖപ്പെട്ടുവെന്നും വൈകാതെ പൂർണമായും ഭേദമാകുമെന്നും ഹെയ്ലി പറഞ്ഞു.
വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിൻ ബീബർ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. രോഗംമാറാൻ കുറച്ചുസമയമെടുക്കുമെന്നും അതുവരെയുള്ള പരിപാടികൾ റദ്ദാക്കുന്നുവെന്നും ബീബർ വ്യക്തമാക്കിയിരുന്നു.
എന്താണ് റാംസെ ഹണ്ട് സിൻഡ്രോം ?
നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂർവരോഗമാണിത്. വേരിസെല്ല സോസ്റ്റർ വൈറസാണ് കാരണം. കുട്ടികളിൽ ചിക്കൻപോക്സ്, മുതിർന്നവരിൽ ഒരുതരംചൊറി തുടങ്ങിയ അസുഖങ്ങൾ ഉണ്ടാക്കുന്നതും ഇതേ വൈറസാണ്. വൈറസ് മുഖത്തെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെ ബാധിക്കുമ്പോഴാണ് റാംസെ ഹണ്ട് സിൻഡ്രോം ആകുന്നത്.
മുഖം മരവിക്കുന്നതിന് പുറമേ ചിലരിൽ ചെവിക്കും വായ്ക്കും ചുറ്റും വേദനയും നീറ്റലുമുള്ള പാടുകൾ ഉണ്ടാകാറുണ്ട്. 1907-ൽ അമേരിക്കൻ നാഡീരോഗ വിദഗ്ധനായ ജെയിംസ് റാംസെ ഹണ്ട് ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്.
ലക്ഷണങ്ങൾ
- ചെവിയിൽ അസഹ്യമായ വേദന
- ചെവിക്ക് ചുറ്റും വേദനയുള്ള പാടുകളും കുരുക്കളും
- മുഖത്ത് അതേ ഭാഗത്ത് മരവിപ്പ്‍ അനുഭവപ്പെടുക
- ആ ഭാഗത്തെ ചെവിക്ക് കേൾവിക്കുറവ്
- രോഗം ബാധിച്ച ഭാഗത്തെ കണ്ണുകൾ അടയ്ക്കാനോ ചിരിക്കാനോ കഴിയാതെ വരിക
- വായ്ക്കുള്ളിലും നാവിലും തടിപ്പ് പ്രത്യക്ഷപ്പെടാം
- മുഖത്തിന്റെ ഒരുവശം നിർജീവമാകുന്നതുവഴി ഭക്ഷണം കഴിക്കുന്നത് നിർജീവമായ വശത്തിലൂടെ പുറത്തേക്ക് പോകാം.
- വേരിസെല്ല സോസ്റ്റർ വൈറസ് നിർണയിക്കുന്നതിനുള്ള രക്തപരിശോധന
- ഇലക്ട്രോമയോഗ്രാഫി(ഇഎംജി)
- തലയുടെ എംആർഐ
- മുഖത്തെ ഞരമ്പുകൾക്കുണ്ടായ കേടുപാടുകൾ പരിശോധിക്കാൻ നെർവ് കണ്ടക്ഷൻ സ്റ്റഡി
സ്റ്റിറോയിഡുകളും ആന്റിവൈറൽ മരുന്നുകളുമാണ് പ്രധാനമായും നൽകുക. ഒപ്പം ഫിസിയോതെറാപ്പിയും ഉണ്ടാവും. നേരത്തേ കണ്ടെത്തുക വഴി രോഗം വഷളാവാതിരിക്കും. പതിനഞ്ചു മുതൽ മൂന്നുമാസം വരെ ചികിത്സ നീണ്ടേക്കാം. വേദന അസഹ്യമായിട്ടുള്ളവരിൽ വേദനാസംഹാരികളും നൽകും. ഒരു കണ്ണ് അടയാതിരിക്കുക വഴി വരളാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനുള്ള ഐ ലൂബ്രിക്കന്റുകൾ പുരട്ടാറുണ്ട്.
സങ്കീർണത
രോഗം തിരിച്ചറിയാനും ചികിത്സിക്കാനും വൈകുക വഴി ചിലപ്പോൾ സങ്കീർണാവസ്ഥകളിലേക്കും പോയേക്കാം. മുഖത്തിന്റെ ഒരുഭാഗം ചലിക്കാതിരിക്കുക വഴി രൂപത്തിൽ ചിലപ്പോൾ മാറ്റം വന്നേക്കാം. രുചിയിൽ മാറ്റം വരുന്നതായും കാണാറുണ്ട്. കണ്ണിന് കേടുപാടും ഇൻഫെക്ഷനും സംഭവിക്കുക വഴി കാഴ്ചയ്ക്ക് പ്രശ്നമുണ്ടാവാം. ചിലരിൽ വേദന നീണ്ടുപോവാം. മുഖത്തെ മസിലുകളിലും കൺപോളകളിലും തരിപ്പും കോച്ചലും.
ചിലഘട്ടങ്ങളിൽ വൈറസ് മറ്റു ഞരമ്പുകളിലേക്കും പടർന്ന് തലച്ചോറിനെയും സ്പൈനൽ കോഡിനെയും ബാധിച്ചേക്കാം. അത് തലവേദനയ്ക്കും സംഭ്രമത്തിനും ഉറക്കച്ചടവിനും അമിതമായ ക്ഷീണത്തിനും കാരണമാവാം. ലക്ഷണങ്ങൾ വിടാതെ നിൽക്കുന്നുവെങ്കിൽ തുടർചികിത്സ അത്യാവശ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..