Representative Image| Photo: Canva.com
പൂനെ: രാജ്യത്ത് H3N2 വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഐ.സി.എം.ആർ മുൻകരുതലുകൾ നിർദേശിച്ചിരുന്നു. ഇപ്പോഴിതാ പൂനെയിലെ പിംപരി ചിഞ്ചവാഡിൽ H3N2 വ്യാപിച്ച് എഴുപത്തിമൂന്നുകാരൻ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
സി.ഒ.പി.ഡി.(chronic obstructive pulmonary disease) ബാധിതനും ഹൃദ്രോഗിയുമാണ് മരണമടഞ്ഞയാൾ എന്ന് പിംപരി ചിഞ്ചവാഡ് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. ഇതുകൂടാതെ അഹമ്മദ് നഗറിലും നാഗ്പൂരിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് പതിനാലിനാണ് അഹമ്മദ് നഗറിൽ എം.ബി.ബി.എസ് വിദ്യാർഥി മരണമടഞ്ഞത്. H3N2വിനൊപ്പം കോവിഡും ബാധിച്ചിരുന്നു. നാഗ്പൂരിൽ എഴുപത്തിയെട്ടുകാരനും രോഗബാധ മൂലം മരണപ്പെട്ടിരുന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്നുള്ള എൺപത്തിരണ്ടുകാരന്റേതാണ് രാജ്യത്തെ ആദ്യത്തെ H3N2 മരണം.
രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളും മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്ക് നിർബന്ധിതമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു.
സംസ്ഥാനത്തെ ആശുപത്രികൾ കൂടുതൽ സജ്ജരായിരിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. H3N2 വൈറസിനൊപ്പം കോവിഡും സംസ്ഥാനത്ത് വർധിക്കുന്നുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ കാണപ്പെടുകയാണെങ്കിൽ മതിയായ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ 352 രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാർച്ച് അവസാനത്തോടെ വൈറസ് വ്യാപനം കുറയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കാക്കുന്നത്. ചെറിയ കുട്ടികളും മുതിർന്നവരും അനുബന്ധ രോഗങ്ങൾ ഉള്ളവരുമൊക്കെ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ജനുവരി 2 മുതൽ മാർച്ച് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം 5,451 H3N2 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
H3N2 ലക്ഷണങ്ങൾ
- പനി
- ചുമ
- മൂക്കൊലിപ്പ്
- ശരീരവേദന
- ഛർദി
- ഓക്കാനം
- വയറിളക്കം
- വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
- മാസ്ക് ഉപയോഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
- മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
- ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക.
- പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
- പൊതുയിടത്ത് തുപ്പാതിരിക്കുക.
- ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
Content Highlights: H3N2 virus spread punes pimpri chinchwad reports first death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..