കൊല്ലം: കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ ഇനി എച്ച്.വൺ എൻ.വൺ പരിശോധനയും. കോവിഡ് പരിശോധനയ്ക്കായി എടുക്കുന്ന സാമ്പിളുകളിൽ ഒരു ശതമാനത്തിൽ എച്ച്.വൺ എൻ.വൺ കൂടി പരിശോധിക്കാനാണ് തീരുമാനം. ആരോഗ്യവകുപ്പ് ഇതിനായി കർമപദ്ധതി തയ്യാറാക്കി.

കോവിഡ് പരിശോധനയിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ ഒരുവർഷത്തിലേറെയായി എച്ച്.വൺ എൻ.വൺ അടക്കമുള്ള പനികളുടെ നിരീക്ഷണം സംസ്ഥാനത്ത് കാര്യമായി നടക്കുന്നില്ല. ഇതു പരിഹരിക്കാനാണ് പുതിയ തീവ്രയത്നപദ്ധതി. ഏതാനും വർഷങ്ങളായി സംസ്ഥാനത്ത്‌ എച്ച്.വൺ എൻ.വൺ രോഗത്തിന്റെ സാന്നിധ്യം ചെറിയതോതിൽ കാണപ്പെടുന്ന സാഹചര്യമാണുള്ളത്‌. ചികിത്സയ്ക്കായി ‘ഒസൽറ്റാമിവിർ’ എന്ന ജീവൻരക്ഷാ മരുന്ന് ലഭ്യമാണ്. അതുകൊണ്ടുതന്നെ മരണം പൂർണമായി ഒഴിവാക്കാനാണ് ശ്രമം.

എച്ച്.വൺ എൻ.വൺ പരിശോധനയ്ക്കായി പ്രത്യേക സാമ്പിൾ എടുക്കേണ്ടതില്ലെന്നതാണ് സൗകര്യം. തുടക്കത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാകും പരിശോധന.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിൽനിന്നും സാമ്പിളുകൾ ശേഖരിക്കും. ഓരോ ബ്ലോക്കിൽനിന്നും മൂന്നുമുതൽ അഞ്ചുവരെ സാമ്പിളുകളിലാണ് പരിശോധന നടത്തുക. ഓരോ ജില്ലയിലും ചുതലപ്പെടുത്തുന്ന സർക്കാർ, സ്വകാര്യമേഖലയിലെ ലാബുകളിലാകും പരിശോധിക്കുക. ആർ.ടി.പി.സി.ആർ.-എച്ച്.വൺ എൻ.വൺ പരിശോധനയ്ക്ക് എന്ന് പ്രത്യേകം രേഖപ്പെടുത്തിയാണ് സാമ്പിൾ അയയ്ക്കുക.

തൊട്ടടുത്തദിവസം ഫലം കൈമാറണം. ആരോഗ്യവകുപ്പിലെ ജില്ലാ സർവെയലൻസ് ഓഫീസർമാർക്കാണ് ഫലങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല.

എലിപ്പനിക്ക്‌ എതിരേയും ജാഗ്രത

എലിപ്പനിമൂലമുള്ള മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ അതിനായുള്ള ലാബ് പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. സംസ്ഥാനത്തെ 38 ലാബുകളെ ഇതിനായി ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തി 72 മണിക്കൂറിനകം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ സ്ഥിതി അപകടകരമാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: H1N1 testing with Covid19 test, Health