Representative Image| Photo: Canva.com
ന്യൂഡൽഹി: രാജ്യത്ത് സിസേറിയനുകളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇവ നിയന്ത്രിക്കാൻ കണക്കെടുപ്പും ബോധവത്കരണവുമായി ആരോഗ്യമന്ത്രാലയം.
ഓരോ സംസ്ഥാനങ്ങളിലേയും സർക്കാർ, സ്വകാര്യാശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളുടെ വിവരം, സിസേറിയനാണെങ്കിൽ അതിനുള്ള കാരണം, സിസേറിയനുശേഷമുള്ള നിശ്ചിതകാലയളവിൽ അമ്മയുടെ ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്രം തേടുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒപ്പം അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാൻ ആരോഗ്യപ്രവർത്തകർക്കും നിർദേശമുണ്ട്.
ഒരു രാജ്യത്തെ ആകെ പ്രസവങ്ങളിൽ പതിനഞ്ചുശതമാനം മാത്രമേ സിസേറിയൻ പാടുള്ളൂവെന്ന് ലോകാരോഗ്യസംഘടന നിഷ്കർഷിക്കുമ്പോൾ 2022-ലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇത് 53 ശതമാനമാണ്. 2021-ൽ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യസർവേയിൽ ഇത് 47.4 ശതമാനമായിരുന്നു. ഒരുവർഷത്തിനിടെ, ആറുശതമാനത്തിന്റെ വർധന ഉണ്ടായിട്ടുണ്ട്.
2022 ൽ സർക്കാരാശുപത്രികളിൽ നടന്ന ആകെ പ്രസവങ്ങളിൽ 15 ശതമാനം സിസേറിയനുകളാണ്. സ്വകാര്യമേഖലയിലാകട്ടെ, 38 ശതമാനവും. സ്വകാര്യ-സർക്കാർ മേഖലകളിൽ ഏറ്റവുമധികം സിസേറിയനുകൾ നടക്കുന്നത് തെലങ്കാനയിലാണ് -54.09 ശതമാനം. കേരളം ആറാം സ്ഥാനത്താണ് -42.41 ശതമാനം.
സ്വകാര്യമേഖലയിൽ ഏറ്റവുംകൂടുതൽ സിസേറിയനുകൾ നടക്കുന്നത് അന്തമാൻ നിക്കോബാർ (95.45), ത്രിപുര (93.72), പശ്ചിമബംഗാൾ (83.88), ഒഡിഷ (74.62) എന്നീ സംസ്ഥാനങ്ങളിലാണ്.ആഗോളതലത്തിലും സിസേറിയനുകളുടെ എണ്ണം വർധിക്കുന്നതായി ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു.
ലോകത്തെ ആകെ പ്രസവങ്ങളിൽ അഞ്ചിലൊന്ന് സിസേറിയനാണ്.
ആശങ്കാജനകം
ആശങ്കാജനകമാം വിധം സിസേറിയനുകളുടെ എണ്ണം ഉയരുന്നുണ്ട്. ആരോഗ്യപരമായ അനിവാര്യതയില്ലെങ്കിൽ ഇത് ഒഴിവാക്കണമെന്ന് ജനങ്ങളെ ബോധവത്കരിക്കാറുണ്ട്.
ഡോ. അജിത്
ഗൈനക്കോളജി വിഭാഗം മേധാവി
പരിയാരം മെഡിക്കൽ കോളേജ്
Content Highlights: growth in c-section deliveries
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..