തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് നടപ്പാക്കുന്നതുസംബന്ധിച്ച് ഉത്തരവിറങ്ങി. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ എന്നുമുതല്‍ ലഭ്യമായിത്തുടങ്ങുമെന്നത് പിന്നീട് അറിയിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കേസുള്ളതിനാല്‍ കോടതിവിധിക്ക് അനുസൃതമായിട്ടാകും നടപ്പാക്കുക. ഫെബ്രുവരി മുതല്‍ ആനുകൂല്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആനുകൂല്യങ്ങള്‍ എന്നുമുതല്‍ ലഭിക്കുമെന്ന തീയതി പ്രഖ്യാപിക്കും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിവഴി നടപ്പാക്കുന്ന പദ്ധതിക്ക് 4800 രൂപയും 18 ശതമാനം ജി.എസ്.ടി.യുമാണ് വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. ആശുപത്രികളുടെ എംപാനലിങ് പൂര്‍ത്തിയായാല്‍ തേഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍മാര്‍ വഴിയാകും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി പദ്ധതി നടപ്പാക്കുക.

സംസ്ഥാന ധനകാര്യ വിഭാഗം ഇതുമായി ബന്ധപ്പെട്ട ഏകോപനത്തിനായി ഒരു നോഡല്‍ സെല്‍ രൂപവത്കരിക്കും. എംപാനല്‍ ചെയ്ത ആശുപത്രികളുടെ പട്ടികയ്‌ക്കൊപ്പം പാക്കേജിനെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ പുറത്തിറക്കും. പരാതികള്‍ പരിഹരിക്കാന്‍ ത്രിതല പരാതിപരിഹാര സംവിധാനമൊരുക്കും.

മൂന്നുവര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള പ്രീമിയം തുക സര്‍ക്കാര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സിനു നല്‍കും. ഇത് മാസം 500 രൂപവീതം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കും. പ്രീമിയം എന്നുമുതല്‍ പിടിച്ചുതുടങ്ങുമെന്ന് സര്‍ക്കാര്‍ പിന്നീട് അറിയിക്കും. ഇന്‍ഷുറന്‍സ് കമ്പനിക്കു നല്‍കേണ്ട പ്രീമിയം കഴിച്ചുള്ള തുക കോര്‍പസ് ഫണ്ടിലേക്കു മാറ്റും.

മുന്‍ എം.എല്‍.എ.മാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമായി ഇറക്കും.

ജനുവരി പത്തുവരെ വിവരം നല്‍കാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിലേക്ക് വിവരം നല്‍കുന്നതിനുള്ള തീയതി ജനുവരി പത്തുവരെ നീട്ടി.

തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, പരാതികള്‍ എന്നിവയ്ക്കുള്ള തീയതിയാണ് നീട്ടിയത്. ഇവ പരിഹരിക്കുന്നതിനുള്ള സമയപരിധി ഈമാസം 15 വരെയായി പുതുക്കിനിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷമുള്ള തിരുത്തലുകള്‍ക്കായി പോര്‍ട്ടല്‍ ലോഗിന്‍ ലഭിക്കില്ല. എന്‍.പി.എസ്. പെന്‍ഷന്‍കാര്‍ക്കും സമയ പരിധി ബാധകമാക്കിയിട്ടുണ്ട്.

വിവരങ്ങള്‍ www.medisep.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭിക്കും. സൈറ്റിലെ സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി പരിശോധിക്കണം. തിരുത്തലുകളുണ്ടെങ്കില്‍ അതത് ഡി.ഡി.ഒ./നോഡല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.

പെന്‍ഷന്‍കാര്‍ മെഡിസെപ് പദ്ധതിക്കായി ട്രഷറി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇത്തരത്തില്‍ പരിഹരിക്കാനാകാത്ത പരാതികള്‍ ഡി.ഡി.ഒ.മാര്‍ ശേഖരിച്ച് വകുപ്പുതല നോഡല്‍ ഓഫീസര്‍മുഖേന നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ ആവശ്യമില്ലാത്ത ജീവനക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി പരിശോധിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ട്രഷറി ഓഫീസര്‍മാരും പരിശോധിക്കണം.

മെഡിസെപ് ഐ.ഡി ഉണ്ടാക്കിയശേഷം മരിച്ച ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ അംഗത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള ആശ്രിതരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇനി അവസരം ഉണ്ടാകില്ല.

Content highlights: green signal to medisep insurance programme, government employees and pensioners