തൃശ്ശൂർ: കോവിഡ് ചികിത്സയിൽ പ്രധാനമായ അഞ്ചുപകരണങ്ങളുടെ അമിതലാഭം നിയന്ത്രിക്കാൻ നടപടികളുമായി ദേശീയ ഔഷധവിലനിയന്ത്രണ സമിതി. ഇതിൽ പലതിനും മൂന്നു മുതൽ 709 ശതമാനംവരെ വില കൂട്ടിയാണ് വിൽക്കുന്നതെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിൽ പരമാവധി വ്യാപാരക്കമ്മിഷൻ 70 ശതമാനമാക്കിയാണ് നിജപ്പെടുത്തിയിരിക്കുന്നത്.

പൾസ് ഓക്‌സിമീറ്റർ, രക്തസമ്മർദ്ദം അളക്കാനുള്ള യന്ത്രം, ആവി പിടിക്കാനുള്ള നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ, ഗ്ലൂക്കോമീറ്റർ തുടങ്ങിയവയുടെ വിപണിയിലാണ് ഇടപെടൽ. പുതിയ ഉത്തരവുകൾ വരാത്തപക്ഷം വരുന്ന ജനുവരി 31 വരെ നിയന്ത്രണം നിലവിലുണ്ടാകും. ഉത്തരവു പ്രകാരമുള്ള വിലകൾ ഈ മാസം 20 മുതൽ പ്രാബല്യത്തിലാക്കണമെന്നുമാണ് നിർദേശം. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ മുതൽ ഇത്തരം ഉപകരണങ്ങളുടെ വിലയിൽ പല തലത്തിലുമുള്ള ഇടപെടൽ അധികൃതർ നടത്തിയിരുന്നു.

Content Highlights: Pulse Oximeter, Health