ന്യൂഡല്‍ഹി: ഇനി ബ്ലഡ് ബാങ്കുകളില്ല. പകരം ബ്ലഡ് സെന്ററുകളാണുണ്ടാവുക. ഈ പേരുമാറ്റമടക്കമുള്ള വ്യവസ്ഥയുൾപ്പെടുത്തി ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്സ് ചട്ടം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. ശരീരഭാരം 45 കിലോഗ്രാമുള്ളവരിൽനിന്ന് 350 മില്ലി ലിറ്ററും 55 കിലോഗ്രാമിൽ കൂടുതലുള്ളവരിൽനിന്ന് 450 മില്ലി ലിറ്ററും രക്തം ശേഖരിക്കാമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നു.
18-നും 65-നുമിടയ്ക്ക് പ്രായമുള്ളവർക്ക് രക്തം ദാനംചെയ്യാം. ആദ്യമായി രക്തം ദാനം ചെയ്യുന്നവർക്ക് 60 വയസ്സിൽ താഴെ പ്രായമേ പാടുള്ളൂ. രക്തം നൽകുന്നതിനു നാലുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.
ശസ്ത്രക്രിയ കഴിഞ്ഞവർ
മേജർ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്ക് സുഖംപ്രാപിച്ച് 12 മാസത്തിനുശേഷവും മൈനർ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സുഖംപ്രാപിച്ച് ആറുമാസത്തിനുശേഷവും രക്തം ദാനം ചെയ്യാം. പല്ലെടുത്തവർ ആറുമാസത്തിനുള്ളിൽ രക്തം ദാനം ചെയ്യരുത്.
സ്ത്രീകൾ
സ്ത്രീകളിൽനിന്നു ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ആർത്തവകാലത്തും രക്തം സ്വീകരിക്കില്ല. പ്രസവിച്ച് 12 മാസം കഴിഞ്ഞ് രക്തം ദാനംചെയ്യാം. ഗർഭച്ഛിദ്രം നടത്തിയവർ ആറുമാസത്തേക്ക് രക്തം ദാനംചെയ്യരുത്.
ഇവർ ദാനം ചെയ്യരുത്
പ്രമേഹത്തിന് ഇൻസുലിൻ ഉപയോഗിക്കുന്നവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, മാനസികരോഗികൾ, മയക്കുമരുന്നുപയോഗിക്കുന്നവർ, ആസ്‌ത്‌മയുള്ളവർ, ശ്വാസതടസ്സമുള്ളവർ, കാലിൽ നീരുള്ളവർ, ഹൃദയാഘാതം സംഭവിച്ചവർ, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ, കാൻസർ ശസ്ത്രക്രിയ എന്നിവ കഴിഞ്ഞവർ
ഇവരിൽനിന്നു സ്വീകരിക്കരുത്
പതിവായി മദ്യം കഴിക്കുന്നവർ, ട്രാൻസ്‌ജെൻഡർ, ആൺ സ്വവർഗരതിക്കാർ, സ്ത്രീ ലൈംഗികത്തൊഴിലാളികൾ, ഒന്നിലധികം ലൈംഗികപങ്കാളികളുള്ളവർ, ജയിലിൽ കഴിയുന്നവർ.
Content Highlights: Govt Amended the drugs and cosmetic rule; renamed blood bank as the blood center
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..