ആലപ്പുഴ: കോവിഡ് സാഹചര്യത്തിൽ വീടുകളിൽക്കഴിയുന്ന വയോജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വീട്ടിലെത്തിക്കാൻ സാമൂഹിക സന്നദ്ധസേനകൾ സജ്ജമാകുന്നു. തദ്ദേശസ്വയംഭരണ, സാമൂഹികനീതി വകുപ്പുകളുടെ നേതൃത്വത്തിലാണ് ദുരിതമനുഭവിക്കുന്ന വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കുമായി പദ്ധതി നടപ്പാക്കുന്നത്.

സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും യഥാസമയത്ത് വയോജനങ്ങൾക്കു ലഭ്യമാകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 65 വയസ്സിനു മുകളിലുള്ളവർ, പരസഹായമില്ലാതെ താമസിക്കുന്നവർ, കാഴ്‌ച-കേൾവിക്കുറവുള്ളവർ, ചലനശേഷിയില്ലാത്തവർ തുടങ്ങിയവരാണു പദ്ധതിയുടെ ഉപഭോക്താക്കൾ.

പഞ്ചായത്തിൽനിന്ന്‌ 15 പേരും നഗരസഭയിൽനിന്ന് 17 പേരും കോർപ്പറേഷനിൽനിന്ന് 25 പേരുമാണ് സന്നദ്ധസേനയിലുൾപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റുമായി അക്ഷയകേന്ദ്രങ്ങളിലോ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലോ എത്തിയാണ് അപേക്ഷനൽകേണ്ടത്. ഈ അവസ്ഥയ്ക്കു പരിഹാരമായി ഉദ്യോഗസ്ഥരെ വീടുകളിലെത്തിച്ച് സേവനങ്ങൾ ലഭ്യമാക്കുക, ഇവർക്കുവേണ്ട മരുന്നും മറ്റും വാങ്ങിനൽകുക തുടങ്ങിയവയാണ് ഉദ്ദേശിക്കുക.

പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ അവശതയനുഭവിക്കുന്ന രോഗികൾക്ക് പാലിയേറ്റീവ് കെയർ മാതൃകയിൽ വീടുകളിലെത്തി ചികിത്സയും ലഭ്യമാക്കും. തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാർവകുപ്പുകളുടെയും പക്കൽ നിലവിലുള്ള രേഖകളിൽനിന്ന് പ്രത്യേകം സർവേ നടത്തിയാകും സേവനം ലഭ്യമാക്കേണ്ടവരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി കംപ്യൂട്ടർപരിജ്ഞാനമുള്ള ചെറുപ്പക്കാർ, ജനമൈത്രി പോലീസ് അംഗങ്ങൾ, അക്ഷയകേന്ദ്രം പ്രവർത്തകർ എന്നിവരെയാണു തിരഞ്ഞെടുക്കുന്നത്. തദ്ദേശസ്ഥാപന സെക്രട്ടറി, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരടങ്ങുന്ന സമിതിക്കാണു പദ്ധതിയുടെ നടത്തിപ്പുചുമതല. തദ്ദേശസ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരിക്കും ഏകോപനച്ചുമതല.

Content Highlights: Government Assistance for Seniors Living at Home, Health, Heriatric Care