കൊച്ചി: കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യനാളുകളിൽ എടുത്തവരിലും ക്യാമ്പുകളിൽ പങ്കെടുത്തവരിലും പലർക്കും കുത്തിവെപ്പെടുത്തതിന് ഒരു രേഖയുമില്ല. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വാക്സിനെടുത്തവർക്ക് എസ്.എം.എസ്. ആയിട്ടുപോലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതിനാൽ രണ്ടാം ഡോസെടുക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടു.

ആദ്യ ഡോസ് എടുക്കുന്നതിനായി സ്പോട്ട് രജിസ്‌ട്രേഷൻ സ്വീകരിച്ചവരാണ് ഇവരിൽ ഏറെയും. രണ്ടാം ഡോസിന്റെ സമയത്തേക്ക് ആരോഗ്യവകുപ്പിൽ നിന്നെത്തിയ അറിയിപ്പ് ആദ്യ ഡോസെടുത്തതിന്റെ സന്ദേശവുമായി വാക്സിൻ കേന്ദ്രങ്ങളിലേക്കെത്താനായിരുന്നു.

എന്നാൽ, രേഖകളില്ലാത്തതിനാൽ ഓൺലൈനായും രജിസ്റ്റർചെയ്യാൻ സാധ്യമായില്ല. ആശാപ്രവർത്തകരുടെയും വാർഡ് മെമ്പർമാരുടെയും സഹായത്തോടെയാണ് ചിലർക്ക് രണ്ടാം ഡോസ്‌ ലഭിച്ചത്.

രണ്ട് ഡോസ് എടുത്തവർക്കും സർട്ടിഫിക്കറ്റ്‌ ലഭിക്കാത്ത പ്രശ്നമുണ്ട്. ഇവർക്ക് കോവിൻ പോർട്ടലിൽ ‘നോട്ട് വാക്സിനേറ്റഡ്’ എന്ന സന്ദേശമാണ് ലഭിക്കുന്നത്.

Content Highlights: Got vaccinated but certificate was not generated, Health, Covid19