സ്വാധിക
പുത്തൂർ: ചിറകുവിടർത്തി പറക്കുംമുമ്പേ അപൂർവരോഗം തളർത്തിക്കളഞ്ഞ അനുഭവമാണ് പൂവറ്റൂർ പടിഞ്ഞാറ് ഇരുവേലിക്കൽ നെടുവേലിൽ പുത്തൻവീട്ടിൽ ശ്രീകുമാറിന്റെയും നിഷയുടെയും ആറുവയസ്സുകാരിയായ മകൾ സ്വാധികയുടേത്. ഒന്നാംക്ലാസിലെ ഏറ്റവും മിടുക്കിക്കുട്ടിയായി കളിച്ചുചിരിച്ചു നടന്ന സ്വാധിക ഒരുദിവസം ഛർദിയോടെ തളർന്നുവീഴുകയായിരുന്നു. വെൻറിലേറ്ററിന്റെ സഹായത്തിൽ മാസങ്ങളുടെ ചികിത്സയിൽ അല്പം രോഗശമനമുണ്ടായി. എങ്കിലും തുടർചികിത്സയ്ക്ക് തുക കണ്ടെത്താനാകാതെ വലയുകയാണ് മാതാപിതാക്കൾ.
ഐവർകാല ദേവിവിലാസം എൽ.പി.സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായ സ്വാധിക 2022 ഓഗസ്റ്റ് 17-നാണ് തളർന്നുവീണത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതോടെ കുട്ടി കണ്ണുകൾ ചലിപ്പിക്കാൻ തുടങ്ങി. എങ്കിലും അപകടനില തരണംചെയ്തിട്ടില്ല. മൂക്കിലൂടെയാണ് ആഹാരം നൽകുന്നത്. തൊണ്ടഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ട്യൂബിലൂടെയാണ് ശ്വാസമെടുക്കുന്നത്. ഇവിടെ സ്രവം വന്നു നിറയാതെ എപ്പോഴും അടുത്ത് ആളുണ്ടാകണം. ആശുപത്രിയിൽനിന്ന് കുട്ടിയെ വീട്ടിലേക്ക് മാറ്റാനും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു.
പുത്തൂർ കാരിക്കൽ കുഴിക്കൽ ക്ഷേത്രത്തിനു സമീപം ഒരുവീട് വാടകയ്ക്കെടുത്ത് ഓക്സിജൻ സിലിൻഡർ ഉൾപ്പെടെയുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് കുട്ടിയെ കിടത്തിയിരിക്കുന്നത്. ആംബുലൻസിലാണ് യാത്ര. യാത്രയും മരുന്നും മറ്റുചെലവുകളുമായി ഒരുമാസം 40,000-ത്തിലധികം രൂപ വേണ്ടിവരുന്നു. ദിവസവും ഫിസിയോതെറാപ്പിയും ചെയ്യുന്നുണ്ട്. പെയിന്റിങ് തൊഴിലാളിയായ ശ്രീകുമറിന് ഇത് താങ്ങാനാകില്ല. നാഷണൽ ഹെൽത്ത് മിഷനിൽ താത്കാലിക ജോലിയുണ്ടായിരുന്ന നിഷയ്ക്കാകട്ടെ കുട്ടിയെ പരിചരിക്കേണ്ടതിനാൽ ജോലിക്കു പോകാനും സാധിക്കുന്നില്ല. സ്വാധികയുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്തുന്നതിനായി വാർഡ് അംഗങ്ങളായ ടി.മഞ്ജു, രതീഷ് എന്നിവരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ പരിശ്രമങ്ങൾ നടന്നുവരുന്നു. ഇന്ത്യൻ ബാങ്ക് പുത്തൂർ ബ്രാഞ്ചിൽ ശ്രീകുമാറിന്റെ പേരിൽ 6728004722 എന്ന നമ്പരിൽ അക്കൗണ്ടുണ്ട്. IFSC IDIB000P084. ഗൂഗിൾ പേ നമ്പർ: 8590814765.
Content Highlights: girl with rare disease seeks financial aid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..